ഹോർമുസ് കടലിടുക്കിൽ ഒമാൻ തീരത്തിന് സമീപം അജ്ഞാത വസ്തു പതിച്ച് എണ്ണപ്പാപ്പലിന് കേടുപാടുകൾ സംഭവിക്കുകയും കപ്പലിന്റെ പ്രവർത്തനം തടസ്സപ്പെടുകയും ചെയ്തതായി ബ്രിട്ടീഷ് മാരിടൈം ഏജൻസി ചൊവ്വാഴ്ച പുലർച്ചെ അറിയിച്ചതായി റോയിട്ടേഴ്സ് (Reuters) റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ ആർക്കും പരിക്കില്ല.
“ഒരു അജ്ഞാത വസ്തു പതിച്ച് എണ്ണക്കപ്പലിന്റെ എൻജിൻ മുറിക്ക് കേടുപാടുകൾ സംഭവിക്കുകയും പ്രവർത്തനം നിലയ്ക്കുകയും ചെയ്തതായി കപ്പലിന്റെ ക്യാപ്റ്റൻ റിപ്പോർട്ട് ചെയ്തിട്ടുണ്ട്,” എന്ന് യുണൈറ്റഡ് കിംഗ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസ് (UKMTO) വ്യക്തമാക്കി. കപ്പലിലെ ജീവനക്കാരെല്ലാം സുരക്ഷിതരാണെന്നും ഏജൻസി കൂട്ടിച്ചേർത്തു.
ഒമാനിലെ അഷ് ഷിഷാ മേഖലയ്ക്ക് 9 നോട്ടിക്കൽ മൈൽ (16.7 കിലോമീറ്റർ) വടക്കുകിഴക്കായാണ് സംഭവം നടന്നത്.
എന്നാൽ, ആക്രമണത്തിനിരയായ കപ്പൽ ഏത് രാജ്യത്തിന്റേതാണെന്നോ അത് ഏത് ദിശയിലേക്കാണ് സഞ്ചരിച്ചിരുന്നതെന്നോ ഓൺലൈനായി പുറത്തുവിട്ട പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടില്ല.






