വേനലവധിക്ക് ശേഷം യു എ ഇയിൽ ഇന്ന് സ്‌കൂളുകൾ തുറന്നതോടെ ഷാർജക്കും ദുബായിക്കുമ ഇടയിലുള്ള പ്രധാന പാതകളിൽ രാവിലെയോടെ കനത്ത ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു തുടങ്ങി. പ്രധാന റോഡുകളിൽ പലയിടത്തും വാഹനങ്ങൾ വളരെ സാവധാനത്തിലാണ് നീങ്ങിയത്.
ഗൂഗിൾ മാപ്സിലെ തത്സമയ ട്രാഫിക് വിവരങ്ങൾ പ്രകാരം അൽ ഇത്തിഹാദ് റോഡിൽ (E11), പ്രത്യേകിച്ച് ഷാർജ-ദുബായ് അതിർത്തി, അൽ നഹ്ദ, അൽ താവൂൺ, സഹാറ സെന്റർ എന്നീ പ്രദേശങ്ങളിൽ കനത്ത തിരക്ക് അനുഭവപ്പെട്ടതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. രാവിലെ ദുബായിലേക്ക് യാത്ര ചെയ്യുന്നവർ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന പ്രധാന പാതകളിലൊന്നാണിത്.
ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിലും (E311) പലയിടത്തും വാഹനങ്ങൾ പതിയെയാണ് നീങ്ങുന്നത്. ഷാർജ ഇൻഡസ്ട്രിയൽ ഏരിയ, മുഹൈസിന-അൽ ഖുസൈസ് പാത എന്നിവിടങ്ങളിൽ ഗതാഗത തടസ്സമുണ്ട്. വ്യാവസായിക മേഖലകളെ ദുബായ് ഭാഗവുമായി ബന്ധിപ്പിക്കുന്ന റോഡുകളിലാണ് കൂടുതൽ തിരക്ക്.
രക്ഷിതാക്കളുടെ വാഹനങ്ങളും സ്‌കൂൾ ബസുകളും നിരത്തിലിറങ്ങിയതോടെ മലീഹ സ്ട്രീറ്റ്, മലീഹ റോഡ്, മുവൈല എന്നിവിടങ്ങളിലെ റോഡുകളിലും ഗതാഗതക്കുരുക്ക് പ്രകടമായിരുന്നു.
അതേസമയം, കുറച്ചുകൂടി കിഴക്കൻ മേഖലയിലുള്ള എമിറേറ്റ്‌സ് റോഡിൽ (E611) പല ഭാഗങ്ങളിലും ഗതാഗതം കൂടുതൽ സുഗമമായി നീങ്ങുന്നുണ്ട്. വടക്കൻ എമിറേറ്റ്‌സുകളിൽ നിന്ന് ദുബായിലേക്ക് യാത്ര ചെയ്യുന്നവർക്ക് ഇതൊരു മികച്ച ബദൽ പാതയാണ്. ഗതാഗത നവീകരണത്തിന്റെ ഭാഗമായി ഈ റോഡിൽ അടുത്തിടെ കൂടുതൽ വരികൾ കൂട്ടിച്ചേർത്തിരുന്നു.
ദുബായ് നഗരമധ്യത്തിലേക്ക് വാഹനങ്ങൾ നീങ്ങുന്നതോടെ അൽ വർഖ, മിർദിഫ്, അൽ റാഷിദിയ, നാദ് അൽ ഹമർ തുടങ്ങിയ പ്രദേശങ്ങളിലെ റോഡുകളിലും തിരക്ക് വർദ്ധിച്ചു തുടങ്ങിയിട്ടുണ്ട്.
സ്‌കൂളുകൾ തുറക്കുന്ന ആദ്യ ദിനങ്ങളിൽ യാത്ര ഏറെ വെല്ലുവിളി നിറഞ്ഞതായിരിക്കും. 1,180-ലധികം പൊതു-സ്വകാര്യ സ്‌കൂളുകളിലായി 1.27 ദശലക്ഷത്തിലധികം (12.7 ലക്ഷം) വിദ്യാർത്ഥികളാണ് ഇന്ന് യു.എ.ഇയിലുടനീളം ക്ലാസുകളിലേക്ക് മടങ്ങിയെത്തുന്നത്.
പുതിയ അക്കാദമിക വർഷത്തോടനുബന്ധിച്ച് സ്‌കൂൾ പരിസരങ്ങളിൽ ദുബായ് പോലീസ് കൂടുതൽ പട്രോളിംഗ് സംഘങ്ങളെ വിന്യസിച്ചിട്ടുണ്ട്. ഷാർജ പോലീസും പ്രത്യേക ട്രാഫിക് പ്ലാൻ നടപ്പിലാക്കിയിട്ടുണ്ട്.
ഷാർജയിൽ നിന്ന് ദുബായിലേക്ക് യാത്ര ചെയ്യുന്നവർ പതിവിലും നേരത്തെ ഇറങ്ങാനും, യാത്ര തിരിക്കുന്നതിന് മുമ്പ് തത്സമയ ട്രാഫിക് വിവരങ്ങൾ പരിശോധിക്കാനും, പ്രത്യേകിച്ച് സ്‌കൂൾ മേഖലകളിലും പ്രധാന ജംഗ്ഷനുകളിലും പെട്ടെന്ന് വരികൾ (lanes) മാറ്റി വാഹനം ഓടിക്കുന്നത് ഒഴിവാക്കാനും അധികൃതർ നിർദ്ദേശിക്കുന്നു.






