2026-27 അക്കാദമിക വർഷത്തിന് തുടക്കമായതോടെ ദുബായിലുടനീളം ആംബുലൻസ് സംവിധാനങ്ങൾ കൂടുതൽ സജ്ജമാക്കിയതായി അധികൃതർ അറിയിച്ചു. ഇതിന്റെ ഭാഗമായി 150 ആംബുലൻസ് പോയിന്റുകൾ സജീവമാക്കുകയും, തിരക്കേറിയ സമയങ്ങളിൽ സ്കൂൾ പരിസരങ്ങളിൽ കവറേജ് വർദ്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
സ്കൂളുകൾ തുറക്കുന്നതിനും അടയ്ക്കുന്നതിനും മുന്നോടിയായി റോഡുകളിൽ തിരക്ക് വർദ്ധിക്കുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികൾ, അധ്യാപകർ, മറ്റ് യാത്രക്കാർ എന്നിവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനാണ് ഈ പദ്ധതി തയ്യാറാക്കിയിരിക്കുന്നതെന്ന് ദുബായ് കോർപ്പറേഷൻ ഫോർ ആംബുലൻസ് സർവീസസ് വ്യക്തമാക്കി.
അടിയന്തിര ഘട്ടങ്ങളിൽ വേഗത്തിൽ സഹായമെത്തിക്കാൻ ഫീൽഡ് ടീമുകളുടെ സജ്ജത ഉറപ്പാക്കുക, ആംബുലൻസ് യൂണിറ്റുകൾ വിന്യസിക്കുക, പ്രത്യേകിച്ച് രാവിലത്തെയും ഉച്ചയ്ക്കത്തെയും തിരക്കേറിയ സമയങ്ങളിൽ സ്കൂൾ മേഖലകളിൽ കൂടുതൽ ആംബുലൻസുകൾ ലഭ്യമാക്കുക എന്നിവയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
അധ്യയന വർഷത്തിന്റെ തുടക്കത്തിൽ ഗതാഗത രീതികളിൽ മാറ്റങ്ങൾ വരികയും പ്രത്യേക സമയങ്ങളിൽ സ്കൂൾ പരിസരങ്ങളിൽ തിരക്ക് കൂടുകയും ചെയ്യുന്നതിനാൽ ഉയർന്ന ജാഗ്രതയും ഏകോപനവും ആവശ്യമാണെന്ന് ദുബായ് കോർപ്പറേഷൻ ഫോർ ആംബുലൻസ് സർവീസസ് എക്സിക്യൂട്ടീവ് ഡയറക്ടർ മിഷാൽ അബ്ദുൾ കരീം ജുൽഫാർ പറഞ്ഞു.
ദുബായിലുടനീളം സജ്ജമാക്കിയിരിക്കുന്ന 150 ആംബുലൻസ് പോയിന്റുകളിൽ വിദഗ്ദ്ധരായ എമർജൻസി മെഡിക്കൽ ജീവനക്കാരെ വിന്യസിച്ചിട്ടുണ്ടെന്നും, ഏത് തരത്തിലുള്ള അടിയന്തിര സാഹചര്യങ്ങളെയും നേരിടാൻ ആവശ്യമായ ആധുനിക മെഡിക്കൽ സാങ്കേതികവിദ്യകളുള്ള വാഹനങ്ങളും ഉപകരണങ്ങളും ലഭ്യമാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.






