അൽ ഐൻ സൂവിൽ സെപ്റ്റംബർ 5 മുതൽ ‘ഗ്ലോ ആഫ്റ്റർ ഡാർക്ക്’ (Glow After Dark) ഫെസ്റ്റിവൽ ആരംഭിക്കുന്നു.
ഫെസ്റ്റിവലിന്റെ പ്രധാന പ്രത്യേകതകൾ:
സന്ദർശകർക്കായി രാത്രികാലങ്ങളിൽ തിളങ്ങുന്ന വൈവിധ്യമാർന്ന ലൈറ്റ് ഇൻസ്റ്റലേഷനുകളും ആകർഷകമായ പ്രകാശാലങ്കാരങ്ങളുമാണ് ഫെസ്റ്റിവലിന്റെ പ്രധാന ആകർഷണം.
രാത്രി സമയങ്ങളിൽ മൃഗശാലയുടെ മനോഹാരിത ആസ്വദിക്കാനും കുടുംബത്തോടൊപ്പം സന്ദർശിക്കാനും ഉതകുന്ന രീതിയിലാണ് പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നത്.
സെപ്റ്റംബർ 5 മുതൽ ആരംഭിക്കുന്ന ഈ രാത്രികാല വിനോദോത്സവം സന്ദർശകർക്ക് തികച്ചും വ്യത്യസ്തമായ ഒരു അനുഭവം സമ്മാനിക്കും. സെപ്റ്റംബർ അഞ്ചുമുതൽ ഒക്ടോബർ നാലുവരെയാണ് ഈ പ്രത്യേക ഫെസ്റ്റിവൽ നടക്കുക. ഉച്ചക്ക് 2.00 മണി മുതൽ രാത്രി 10.00 മണി വരെയായിരിക്കും ഈ ദിവസങ്ങളിൽ മൃഗശാലയുടെ പ്രവർത്തന സമയം.
രാത്രികാല ആഘോഷങ്ങൾക്ക് പുറമെ ജലാശയങ്ങളിലൂടെയുള്ള സഫാരി, ജിറാഫുകൾക്ക് ഭക്ഷണം നൽകാനുള്ള അവസരം, ലെമൂർ പ്രൈമേറ്റുകളെ അടുത്തറിയാൻ സഹായിക്കുന്ന ‘ലെമൂർ വാക്ക്’ തുടങ്ങി നിരവധി റെഗുലർ ആക്റ്റിവിറ്റികളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഇതിന് പുറമെ അറബിക്, ഇന്ത്യൻ, മെക്സിക്കൻ, അമേരിക്കൻ ഭക്ഷണങ്ങൾ ലഭ്യമാകുന്ന വൈവിധ്യമാർന്ന റെസ്റ്ററന്റുകളും കഫേകളും സന്ദർശകർക്കായി സജ്ജമാണ്.
മുതിർന്നവർക്ക് 31.50 ദിർഹവും മൂന്നുമുതൽ 12 വയസ്സ് വരെയുള്ള കുട്ടികൾക്ക് 10.50 ദിർഹവുമാണ് പ്രവേശന നിരക്ക് മൂന്നുവയസ്സിൽ താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമാണ്.ഈ മൃഗശാല നിലവിൽ 4,000ത്തിലധികം വന്യജീവികളുടെ സങ്കേതമാണ്.






