അജ്മാനിൽ വീട്ടിലുണ്ടായ തീപിടിത്തം സമയോചിതമായ ഇടപെടലിലൂടെ തടഞ്ഞ 9 വയസ്സുകാരനെ അജ്മാൻ സിവില്‍ ഡിഫൻസ് ആദരിച്ചു.
വീട്ടിൽ തീപിടിത്തമുണ്ടായപ്പോൾ ഒട്ടും പരിഭ്രാന്തിപ്പെടാതെ ധൈര്യത്തോടെ പ്രവർത്തിച്ച ഒൻപതുകാരൻ റാഷിദ് അബ്ദുല്ല അൽ ഹൊസാനിയെയാണ് അജ്മാൻ സിവീൽ ഡിഫൻസ് ആദരിച്ചത്.
വീട്ടിൽ തീ പടരുന്നതുകണ്ട റാഷിദ്, മുത്തശ്ശിയുടെ സഹായത്തോടെ ഒരു കമ്പിളി പുതപ്പ് വെള്ളത്തിൽ നനച്ച് തീക്ക് മുകളിലിട്ട് പടരുന്നത് തടയുകയായിരുന്നു. വലിയൊരു ദുരന്തമാണ് ഒഴിവായത്.
സിവിൽ ഡിഫൻസ് ആസ്ഥാനത്ത് വിളിച്ചുവരുത്തിയാണ് റാഷിദിന് ഉപഹാരം നൽകിയത്. തുടർന്ന് സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർ കുട്ടികൾക്കായുള്ള സുരക്ഷാ ബോധവൽക്കരണ ക്ലാസും ഫയർ എൻജിനുകളും ഉപകരണങ്ങളും പരിചയപ്പെടുത്തുന്ന സന്ദർശനവും ഒരുക്കി.
കുട്ടികൾ സ്വന്തമായി തീ അണക്കാൻ ശ്രമിക്കരുതെന്ന് സിവിൽ ഡിഫൻസ് കർശനമായി ഓർമ്മിപ്പിച്ചു. അപകടം ഉണ്ടായാൽ ഉടൻ മുതിർന്നവരെ വിവരം അറിയിക്കണമെന്നും സുരക്ഷിത സ്ഥാനത്തേക്ക് മാറി അടിയന്തര സേവന വിഭാഗത്തെ (സിവിൽ ഡിഫൻസ്) ബന്ധപ്പെടണമെന്നും അധികൃതർ വ്യക്തമാക്കി.






