ഇന്ത്യയും യുഎഇയും തമ്മിലുള്ള ദീർഘകാല സുഹൃദ്ബന്ധവും ഉഭയകക്ഷി സഹകരണവും കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി അബുദാബി കിരീടാവകാശി ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കൂടിക്കാഴ്ച നടത്തി. സാമ്പത്തിക ഏകീകരണം വർദ്ധിപ്പിക്കുന്നതിനും വിവിധ സുപ്രധാന മേഖലകളിൽ പുതിയ പങ്കാളിത്തങ്ങൾ രൂപീകരിക്കുന്നതിനുമുള്ള വഴികളും ചർച്ചയിൽ വിഷയമായി.
18-ാമത് ബ്രിക്സ് ഉച്ചകോടിയുടെ ഭാഗമായി ന്യൂഡൽഹിയിലെ ഹൈദരാബാദ് ഹൗസിൽ ഇന്ത്യൻ പ്രധാനമന്ത്രി ഒരുക്കിയ സ്വീകരണ ചടങ്ങിനിടയിലാണ് ഈ കൂടിക്കാഴ്ച നടന്നത്.
യു.എഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ആശംസകളും ഇന്ത്യയുടെയും അവിടത്തെ ജനങ്ങളുടെയും തുടർച്ചയായ പുരോഗതിക്കായുള്ള പ്രാർത്ഥനകളും ശൈഖ് ഖാലിദ് ഇന്ത്യൻ പ്രധാനമന്ത്രിക്ക് കൈമാറി. യു.എഇ പ്രതിനിധി സംഘത്തിന് നൽകിയ ഊഷ്മള സ്വീകരണത്തിനും ആതിഥ്യത്തിനും അദ്ദേഹം നന്ദി അറിയിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി തിരിച്ച് യു.എഇ പ്രസിഡന്റിനും രാജ്യത്തെ ജനങ്ങൾക്കും തന്റെ ആശംസകളും സമാധാനവും നേർന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ ആഴവും ദൃഢതയും കൂടിക്കാഴ്ചയിൽ നേതാക്കൾ എടുത്തുപറഞ്ഞു.






