അബുദാബിയിൽ താൻ പരിചരിക്കേണ്ടിയിരുന്ന മൂന്ന് വയസ്സുകാരനെ ഉപ ദ്ര വിച്ച കേസിലെ പ്രതിയായ ഹോം നഴ്സിന്/തൊഴിലാളിക്ക് (Nanny) അബുദാബി കോടതി ഒരു മാസത്തെ സസ്പെൻഡഡ് തടവുശിക്ഷയും 3,000 ദിർഹം പിഴയും വിധിച്ചു.
താൻ സംരക്ഷിക്കേണ്ടിയിരുന്ന മൂന്ന് വയസ്സുകാരനെ ഉപദ്രവിച്ച് പരിക്കേൽപ്പിച്ച സംഭവത്തിലാണ് സ്ത്രീ ശിക്ഷിക്കപ്പെട്ടത്. കുട്ടിയുടെ നെഞ്ചിലും താടിയെല്ലിന് താഴെയും മാന്തിയ പാടുകളുണ്ടായിരുന്നതായി മെഡിക്കൽ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. കുട്ടിയുടെ ശാരീരിക സുരക്ഷ അപകടത്തിലാക്കിയതിന് ഒരു മാസത്തെ സസ്പെൻഡഡ് തടവുശിക്ഷയും 3,000 ദിർഹം പിഴയുമാണ് അബുദാബി ക്രിമിനൽ കോടതി ആദ്യം വിധിച്ചത്.
ക്രിമിനൽ കോടതി വിധിക്ക് പിന്നാലെ കുട്ടിയുടെ അമ്മ 25,000 ദിർഹം നഷ്ടപരിഹാരം ആവശ്യപ്പെട്ട് സിവിൽ കോടതിയെ സമീപിച്ചു. വാദം കേട്ട അബുദാബി ഫാമിലി, സിവിൽ ആാൻഡ് അഡ്മിനിസ്ട്രേറ്റീവ് ക്ലെയിംസ് കോടതി 10,000 ദിർഹം നഷ്ടപരിഹാരവും കോടതിച്ചെലവുകളും നൽകാൻ ഉത്തരവിട്ടു.
താൻ കുട്ടിയെ നോക്കുന്നയാളല്ലെന്നും ഡ്രൈവറായി മാത്രം ജോലി ചെയ്തതാണെന്നും, ശമ്പളം നൽകാത്തതിലുള്ള വിരോധം മൂലമാണ് കേസ് നൽകിയതെന്നുമുള്ള പ്രതിയുടെ വാദം കോടതി തള്ളി. ക്രിമിനൽ കോടതി കുറ്റം സ്ഥിരീകരിച്ചതിനാൽ ഇനി ഈ വാദത്തിന് നിയമസാധുതയില്ലെന്ന് ജഡ്ജി വ്യക്തമാക്കി.
നഷ്ടപരിഹാരത്തിന് പലിശ: വിധി അന്തിമമാകുന്ന തീയതി മുതൽ തുക പൂർണ്ണമായി നൽകുന്നത് വരെ പ്രതിവർഷം 4 ശതമാനം പലിശയും നഷ്ടപരിഹാര തുകയ്ക്കൊപ്പം നൽകേണ്ടതുണ്ട്.





