Ai (കൃത്രിമബുദ്ധി) സാങ്കേതികവിദ്യാരംഗത്തെ വികസനവും മുന്നേറ്റവും വിലയിരുത്തി ‘ദി ഒബ്‌സർവർ’ (The Observer) പുറത്തുവിട്ട ഗ്ലോബൽ ‘എഐ സിറ്റീസ് ഇൻഡക്സിൽ’ (AI Cities Index) മിഡിൽ ഈസ്റ്റിൽ ഒന്നാമതെത്തി അബുദാബി. ലണ്ടനിൽ നടക്കുന്ന ഒബ്‌സർവർ എഐ ഫോറത്തിന് മുന്നോടിയായാണ് ഈ ആഗോള റാങ്കിംഗ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.
ലോകത്തെ 57 പ്രധാന നഗരങ്ങളെ ഉൾപ്പെടുത്തി തയ്യാറാക്കിയ പട്ടികയിൽ ആണ് അബുദാബി ആഗോളതലത്തിൽ 11-ാം സ്ഥാനവും, ദുബായ് 14-ാം സ്ഥാനവും കരസ്ഥമാക്കി.
മിഡിൽ ഈസ്റ്റ് മേഖലയിൽ അബുദാബിയാണ് ഒന്നാമതുള്ളത്. ആദ്യ 15 നഗരങ്ങളിൽ യു.എ.ഇയിലെ രണ്ട് പ്രമുഖ നഗരങ്ങൾ ഇടംപിടിച്ചത് എഐ രംഗത്തെ രാജ്യത്തിന്റെ ആധിപത്യം വ്യക്തമാക്കുന്നു.
സുഗമമായ പ്രവർത്തന അന്തരീക്ഷത്തിന്റെ (Operating Environment) കാര്യത്തിൽ സാൻ ഫ്രാൻസിസ്കോ, സിംഗപ്പൂർ തുടങ്ങിയ മുൻനിര ആഗോള നഗരങ്ങളെ പിന്നിലാക്കി അബുദാബി ലോകത്ത് ആദ്യ അഞ്ച് സ്ഥാനങ്ങളിൽ ഇടംപിടിച്ചു. സ്വകാര്യ, പൊതു നിക്ഷേപങ്ങളുടെ കാര്യത്തിൽ അബുദാബി ആഗോളതലത്തിൽ ആദ്യ 10 റാങ്കിംഗിൽ ഉൾപ്പെട്ടിട്ടുണ്ട്.
2017-ൽ ലോകത്ത ആദ്യമായി എഐക്കായി പ്രത്യേകം മന്ത്രാലയം രൂപീകരിക്കുകയും ഒമർ സുൽത്താൻ അൽ ഒലാമയെ മന്ത്രിയായി നിയമിക്കുകയും ചെയ്തുകൊണ്ട് ഈ മേഖലയിൽ പ്രോഗ്രസീവ് ആയ നിലപാടാണ് യു.എ.ഇ സ്വീകരിച്ചുപോരുന്നത്.






