ദുബായ് പൊലീസിന്റെ ‘പോലീസ് ഐ’ (Police Eye) സേവനത്തിലൂടെ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ, നഗരത്തിലെ പ്രധാന റോഡുകളിൽ യാചന നടത്തിവന്ന 22 അംഗ സംഘത്തെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു.പ്രധാന റോഡുകളിലും തിരക്കേറിയ പാതകളിലും വാഹനം ഓടിക്കുന്നവരെ സമീപിച്ചാണ് ഈ സംഘം പണം തട്ടിയെടുത്തിരുന്നത്.
നാട്ടിലേക്ക് പോകാൻ ടിക്കറ്റ് എടുക്കാൻ പണമില്ല എന്ന തരത്തിലുള്ള വ്യാജ കഥകൾ പറഞ്ഞ്, വണ്ടികളിൽ യാത്ര ചെയ്യുന്നവരുടെ സഹതാപം മുതലെടുത്തായിരുന്നു സംഘത്തിന്റെ തട്ടിപ്പ്.
ദുബായ് പൊലീസ് ആപ്പിലെ ‘പോലീസ് ഐ’ (Police Eye) സംവിധാനം വഴി ഒരു പൊതുജനമാണ് സംഘത്തെക്കുറിച്ചുള്ള വിവരം കൈമാറിയത്. രഹസ്യ അന്വേഷണത്തിലൂടെ 22 പേരെയും പൊലീസ് അറസ്റ്റ് ചെയ്തു.
2021 മുതൽ 2025 വരെയുള്ള കാലയളവിൽ 1,801 യാചന കേസുകളാണ് ദുബായ് പൊലീസ് രജിസ്റ്റർ ചെയ്തത് (2021: 458, 2022: 318, 2023: 499, 2024: 320, 2025: 206). 2026 മാർച്ചിന് ശേഷം വിദേശത്തിരുന്ന് നിയന്ത്രിച്ചിരുന്ന 13 അംഗ സംഘത്തെയും പൊലീസ് പിടികൂടിയിരുന്നു.
സാധാരണ രീതിയിൽ യാചിക്കുന്നവർക്ക് 3 മാസം വരെ തടവും 5,000 ദിർഹം പിഴയും ലഭിക്കും. സംഘടിതമായി യാചക സംഘങ്ങളെ നടത്തുകയോ വിദേശത്തുനിന്ന് ആളുകളെ എത്തിച്ച് യാചനയ്ക്ക് ഉപയോഗിക്കുകയോ ചെയ്യുന്നവർക്ക് കുറഞ്ഞത് 6 മാസം തടവും കുറഞ്ഞത് 1,00,000 ദിർഹം (ഒരു ലക്ഷം ദിർഹം) പിഴയും ചുമത്തും.
യാചന ശ്രദ്ധയിൽപ്പെട്ടാൽ ദുബായ് പൊലീസ് ആപ്പിലെ ‘Police Eye’ വഴിയോ, 901 എന്ന നമ്പറിലോ, ‘e-Crime’ പ്ലാറ്റ്ഫോം വഴിയോ വിവരം അറിയിക്കാം. അംഗീകൃത ചാരിറ്റി പ്രസ്ഥാനങ്ങൾ വഴി മാത്രം സംഭാവനകൾ നൽകണമെന്നും പൊലീസ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.





