ദുബായിൽ പ്രവാസിയായ മലയാളി യുവാവിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് കാഞ്ഞങ്ങാട് ചിത്താരി മീത്തൽ സ്വദേശി ടി.വി. ഫിറോസിനെ (32) ആണ് കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
രാത്രിയായിട്ടും ഫിറോസിനെ കാണാതായതോടെ ബന്ധുക്കളും സുഹൃത്തുക്കളും നടത്തിയ തെരച്ചിലിൽ അദ്ദേഹം നടത്തിവന്ന സൂപ്പർമാർക്കറ്റിന്റെ പാർക്കിങ് ഏരിയയിൽ കാറിനുള്ളിൽ അവശനിലയിൽ ഫിറോസിനെ കണ്ടെത്തുകയായിരുന്നു.
ഉടൻ പൊലീസിനെ വിവരമറിയിച്ചു. തുടർന്ന് അധികൃതരെത്തി കാറിന്റെ ചില്ല് തകർത്ത് ഫിറോസിനെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. ഫിറോസ് ദുബായിൽ സഹോദരങ്ങൾക്കൊപ്പം സൂപ്പർ മാർക്കറ്റ് നടത്തിവരികയായിരുന്നു.
പരേതരായ മൊയ്തീൻ ഹാജിയുടെയും മറിയമിൻ്റെയും മകനാണ്. ഭാര്യ: ഹാദിയ. സഹോദരങ്ങൾ: അഷ്റഫ്, സൈനുദ്ദീൻ, ഹമീദ്, ഹനീഫ, നാസർ, യൂസഫ്, ഇസ്മായിൽ, സൗദ ഫൗസിയ.
ആംബുലന്‍സ് ഡോക്ടറും ടെക്നീഷ്യന്മാരും നടത്തിയ പരിശോധനയില്‍ ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമികമായി റിപ്പോര്‍ട്ട് ചെയ്തതെന്ന് ബന്ധുക്കള്‍ അറിയിച്ചു.മൃതശരീരം നിലവില്‍ ഉമ്മുല്‍ഖുവൈന്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. തുടര്‍നടപടികള്‍ പുരോഗമിക്കുകയാണ്.






