ദുബായിലെ സ്കൂളുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), മൊബൈൽ ഫോണുകൾ, ഡിജിറ്റൽ ഉപകരണങ്ങൾ എന്നിവയുടെ ഉപയോഗം സംബന്ധിച്ച് വ്യക്തമായ മാർഗ്ഗനിർദ്ദേശങ്ങളുമായി നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെന്റ് അതോറിറ്റി (KHDA). ദുബായിൽ നടന്ന മീഡിയ മജ്ലിസിൽ KHDA ഡയറക്ടർ ജനറൽ ഐഷ മിറാൻ ആണ് ഇക്കാര്യം അറിയിച്ചത്.
ക്ലാസ് മുറികളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മൊബൈൽ ഫോണുകൾ, മറ്റ് ഡിജിറ്റൽ ടൂളുകൾ എന്നിവ എപ്പോൾ ഉപയോഗിക്കണം, എപ്പോൾ ഉപയോഗിക്കരുത് എന്നതിനെക്കുറിച്ച് സ്കൂളുകൾക്കും രക്ഷിതാക്കൾക്കും വ്യക്തമായ മാർഗ്ഗനിർദ്ദേശം നൽകാൻ ആണ് KHDA തയ്യാറെടുക്കുന്നത്.
അടുത്ത വർഷത്തോടെ (2027-ഓടെ) പുതിയ നയവും മാനദണ്ഡങ്ങളും പൂർണ്ണമായും തയ്യാറാകുമെന്ന് പ്രതീക്ഷിക്കുന്നതായി KHDA ഡയറക്ടർ ജനറൽ ഐഷ മിറാൻ വ്യക്തമാക്കി.
സാങ്കേതികവിദ്യയുടെ ഉപയോഗത്തിൽ കുട്ടികളുടെ സുരക്ഷയും (Safeguarding) പഠനത്തിലെ നവീകരണവും (Innovation) തമ്മിലുള്ള കൃത്യമായ ബാലൻസ് നിലനിർത്താനാണ് പുതിയ നയം ലക്ഷ്യമിടുന്നത്.
സാങ്കേതികവിദ്യ കേവലം കാഴ്ച്ചയ്ക്കോ ഫാഷനോ വേണ്ടി ഉപയോഗിക്കുന്നതിന് പകരം, വിദ്യാർത്ഥികളുടെ പഠനാനുഭവങ്ങളെ സമ്പന്നമാക്കാനും അവരെ സഹായിക്കാനും മാത്രമുള്ള ഒരു ഉപാധിയായി (Means towards an end) മാറ്റുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യമെന്ന് അധികൃതർ വ്യക്തമാക്കി.






