ദുബായിൽ നാളെ (ഞായറാഴ്ച) നടക്കുന്ന ‘പ്രൗഡ് ഓഫ് യു.എ.ഇ’ (Proud of UAE) സൈക്ലിങ് റേസിന്റെ ഭാഗമായി പ്രധാന റോഡുകളിൽ ഗതാഗത തടസ്സമുണ്ടായേക്കുമെന്ന് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) മുന്നറിയിപ്പ് നൽകി. നാളെ രാവിലെ 6 മണി മുതൽ 8:30 വരെയാണ് ഗതാഗത നിയന്ത്രണങ്ങളും കാലതാമസവും ഉണ്ടാകുക.
യാത്രക്കാർ യാത്രകൾ മുൻകൂട്ടി പ്ലാൻ ചെയ്യണമെന്നും അധികൃതരുടെ നിർദ്ദേശങ്ങൾ പാലിക്കണമെന്നും ആർ.ടി.എ അഭ്യർത്ഥിച്ചു.
ദുബായ് പൊലീസ് ജനറൽ കമാൻഡിന്റെ നേതൃത്വത്തിലാണ് ഈ വർഷത്തെ രണ്ടാമത് ‘പ്രൗഡ് ഓഫ് യു.എ.ഇ’ സൈക്ലിങ് റേസ് സംഘടിപ്പിക്കുന്നത്. യു.എ.ഇ സൈക്ലിങ് ഫെഡറേഷൻ, ദുബായ് സ്പോർട്സ് കൗൺസിൽ, ആർ.ടി.എ എന്നിവയുമായി സഹകരിച്ചാണ് മത്സരം നടപ്പിലാക്കുന്നത്.
നാളെ രാവിലെ കൃത്യം 6:00 മണിക്ക് നാദ് അൽ ഷെബ സെന്ററിൽ (Nad Al Sheba Centre) നിന്നാണ് 80 കിലോമീറ്റർ ദൈർഘ്യമുള്ള സൈക്ലിങ് റേസ് ആരംഭിക്കുന്നത്.
മത്സര വിജയികൾക്കായി ആകെ 140,000 ദിർഹത്തിന്റെ സമ്മാനത്തുകയാണ് ദുബായ് പൊലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്തോടുള്ള സ്നേഹവും അഭിമാനവും വളർത്തുന്നതിനും കായികം ജീവിതശൈലിയാക്കി മാറ്റുന്നതിനും ലക്ഷ്യമിട്ടാണ് ഈ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.





