നിരീക്ഷണ ക്യാമറകളുടെ (Surveillance / CCTV Cameras) സെക്യൂരിറ്റി ക്രമീകരണങ്ങൾ കൂടുതൽ ശക്തമാക്കാനും സ്വകാര്യത സംരക്ഷിക്കാനും ദുബായ് നിവാസികളോട് അഭ്യർത്ഥിച്ച് ദുബായ് മുൻസിപ്പാലിറ്റി. ഒറ്റ തെറ്റായ സെറ്റിംഗ് പോലും ഹാക്കർമാർക്ക് വിവരങ്ങൾ ചോർത്താൻ അവസരമൊരുക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോ സന്ദേശത്തിലൂടെയാണ് വീടുകളിലെയും സ്ഥാപനങ്ങളിലെയും നിരീക്ഷണ ക്യാമറകളുടെ സുരക്ഷ ശക്തിപ്പെടുത്താൻ മുൻസിപ്പാലിറ്റി നിർദ്ദേശിച്ചത്.
ക്യാമറകൾ വാങ്ങുമ്പോൾ കൂടെയുള്ള ഡിഫോൾട്ട് പാസ്വേഡുകൾ ഉടൻ തന്നെ മാറ്റി, ശക്തവും സങ്കീർണ്ണവുമായ പുതിയ പാസ്വേഡുകൾ നൽകണം. ക്യാമറകളുടെ സോഫ്റ്റ്വെയറുകളും സിസ്റ്റങ്ങളും കൃത്യസമയത്ത് അപ്ഡേറ്റ് ചെയ്ത് സൂക്ഷിക്കുക.
ഉപയോഗത്തിലില്ലാത്ത സമയങ്ങളിൽ ക്യാമറ സംവിധാനങ്ങൾ സ്വിച്ച് ഓഫ് ചെയ്തു വെക്കുക. അപരിചിതമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്, ലോഗിൻ വിവരങ്ങൾ മറ്റാരുമായും പങ്കുവെക്കരുത് തുടങ്ങിയ നിർദ്ദേശങ്ങളും ബോധവൽക്കരണത്തിന്റെ ഭാഗമായി നൽകിയിട്ടുണ്ട്.






