ഇറാനിൽ നിന്നുള്ള മിസൈൽ, ഡ്രോൺ ആ ക്ര മണങ്ങളെ നേരിട്ട വേളയിൽ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം രാജ്യത്തെ സാധാരണ ജീവിതം തടസ്സപ്പെടാതെ മുന്നോട്ട് കൊണ്ടുപോകാൻ യു.എ.ഇക്ക് സാധിച്ചതായി ഫെഡറൽ നാഷണൽ കൗൺസിലിന്റെ (FNC) പ്രതിരോധ, ആഭ്യന്തര, വിദേശകാര്യ കമ്മിറ്റി ചെയർമാൻ ഡോ. അലി റാഷിദ് അൽ നുഐമി വ്യക്തമാക്കി. ദുബായിൽ നടന്ന ‘യു.എ.ഇ കറസ്പോണ്ടന്റ്സ് മജ്ലിസിൽ’ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മിസൈലുകളെയും ഡ്രോണുകളെയും പ്രതിരോധിക്കുന്നതിന് പുറമേ, ഇറാനിയൻ സേനയ്ക്ക് ആക്രമണങ്ങൾക്കായി വിവരങ്ങൾ നൽകാനും ലക്ഷ്യങ്ങൾ കാണിച്ചുകൊടുക്കാനും പ്രവർത്തിച്ച സ്ലീപ്പർ സെല്ലുകളെ കണ്ടെത്തുക എന്നത് വലിയൊരു വെല്ലുവിളിയായിരുന്നുവെന്ന് അദ്ദേഹം വെളിപ്പെടുത്തി. ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെട്ട ചില യു.എ.ഇ പൗരന്മാർ ഉൾപ്പെടെയുള്ള നൂറുകണക്കിന് പേരെ അധികൃതർ അറസ്റ്റ് ചെയ്തിട്ടുണ്ട്.
സുരക്ഷാ വെല്ലുവിളികൾ നിലനിൽക്കുമ്പോഴും ഷോപ്പിംഗ് മോളുകൾ, റെസ്റ്റോറന്റുകൾ, ബീച്ചുകൾ തുടങ്ങിയവയെല്ലാം തുറന്നുവെച്ചുകൊണ്ട് ജനങ്ങളുടെ ദൈനംദിന ജീവിതത്തിന് തടസ്സമുണ്ടാകാത്ത രീതിയിലാണ് ഭരണകൂടം കാര്യങ്ങൾ കൈകാര്യം ചെയ്തത്.
ഗൾഫ്-അറബ് രാജ്യങ്ങളിലും സമാനമായ രീതിയിൽ ഇറാന്റെയും ഹിസ്ബുള്ളയുമായി ബന്ധപ്പെട്ട സംഘടനകളുടെയും അട്ടിമറി നീക്കങ്ങളെ അതീവ ജാഗ്രതയോടെയാണ് അതത് രാജ്യങ്ങൾ നേരിട്ടത്. ബഹ്റൈൻ, ഖത്തർ തുടങ്ങിയ രാജ്യങ്ങളും സമാനമായ ചാരക്കൂട്ടായ്മകളെയും സുരക്ഷാ ഭീഷണികളെയും കണ്ടെത്തിയിട്ടുണ്ട്.






