സെപ്റ്റംബർ 30-ന് ഫ്ലൈ ദുബായ് FZ1073 വിമാനത്തിൽ നടന്ന ഭീകരാക്രമണ ശ്രമത്തിൽ 174 യാത്രക്കാരുടെയും ജീവനക്കാരുടെയും ജീവൻ ധീരമായി രക്ഷിച്ച വിമാന ജീവനക്കാരുമായി യു.എ.ഇ ഭരണാധികാരികൾ നടത്തിയ കൂടിക്കാഴ്ചയുടെ വൈകാരിക വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു.
“നിങ്ങളുടെ ജീവിതത്തിൽ എന്തുതന്നെ സംഭവിച്ചാലും യു.എ.ഇ നിങ്ങളുടെ രാജ്യമാണ്; ഇവിടെ നിങ്ങൾക്ക് ഒരു വീടും കുടുംബവുമുണ്ട്,” എന്ന് യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ജീവനക്കാരോട് സ്നേഹത്തോടെയും ആശ്വാസത്തോടെയും സംസാരിക്കുന്നത് വീഡിയോയിൽ കാണാം.
പ്രസിഡന്റിന്റെ ആശ്വാസവാക്കുകൾ: കോക്പിറ്റിനുള്ളിലെ ആക്രമണത്തിൽ തലയ്ക്ക് സാരമായി പരിക്കേറ്റ ഇന്ത്യൻ ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ (Smit Machchhar) തലയിലെ തയ്യലുകളും പരിക്കുകളും യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ നേരിട്ട് പരിശോധിച്ച് ആശ്വസിപ്പിച്ചു. “പരിക്കുകൾ എപ്പോൾ ഭേദമാകും?” എന്ന ചോദ്യത്തിന് രണ്ടുമാസമെടുക്കുമെന്ന് ക്യാപ്റ്റൻ മറുപടി നൽകിയപ്പോൾ, “നിങ്ങൾ സുഖം പ്രാപിച്ച ശേഷം എങ്ങനെ പോരാടണമെന്ന് (Fighting) ഞാൻ നിങ്ങൾക്ക് പരിശീലനം നൽകാം,” എന്ന് പ്രസിഡന്റ് തമാശരൂപേണ പറയുകയുണ്ടായി.
ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദിന്റെ അഭിനന്ദനം: യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പരിക്കേറ്റ ക്യാപ്റ്റൻ സ്മിത് മച്ചാറിന് കൈകൊടുത്ത് “വെൽ ഡൺ, വെൽ ഡൺ” എന്ന് പുകഴ്ത്തി ആദരിച്ചു.
ഇന്ത്യൻ പ്രധാനമന്ത്രിയുമായുള്ള ബന്ധം: ആക്രമണത്തിൽ പരിക്കേറ്റതിന് ശേഷം ആശുപത്രിയിൽ ചികിത്സയിലായിരുന്ന ക്യാപ്റ്റൻ സ്മിത് മച്ചാറുമായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോളിൽ സംസാരിച്ച് അദ്ദേഹത്തിന്റെ ധീരതയെ അഭിനന്ദിച്ചിരുന്നു.
സംഭവത്തിന്റെ സംക്ഷിപ്തം: സെപ്റ്റംബർ 30-ന് ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് 174 യാത്രക്കാരുമായി പുറപ്പെട്ട FZ1073 ഫ്ലൈ ദുബായ് വിമാനം ബെൻ ഗുറിയോൺ എയർപോർട്ടിലേക്ക് ഇടിച്ചുകയറ്റാൻ 29-കാരനായ ഒമാനി കോ-പൈലറ്റ് ശ്രമിക്കുകയായിരുന്നു. കോക്പിറ്റ് കോടാലി ഉപയോഗിച്ചുള്ള ആക്രമണത്തിൽ കനത്ത പരിക്കേറ്റിട്ടും ക്യാപ്റ്റൻ സ്മിത് മച്ചാർ കോക്പിറ്റ് വാതിൽ തുറന്ന് കൊടുക്കുകയും, മറ്റ് ജീവനക്കാരും യാത്രക്കാരും ചേർന്ന് അക്രമിയെ കീഴ്പ്പെടുത്തുകയുമായിരുന്നു. തുടർന്ന് വിമാനം സൗദിയിലെ തബൂക്കിൽ സുരക്ഷിതമായി ഇറക്കി.






