അബുദാബി: യുഎഇ തീരത്ത് എണ്ണച്ചോർച്ചയെ തുടർന്നുണ്ടായ കടൽമലിനീകരണത്തിന്റെ തീവ്രതയിൽ ശ്രദ്ധേയമായ കുറവുണ്ടായതായി യുഎഇ കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രാലയം. ശുചീകരണ പ്രവർത്തനങ്ങൾ സാങ്കേതിക സംഘങ്ങൾ തുടരുന്നതിനാലാണ് മലിനീകരണത്തിന്റെ തീവ്രതയിൽ കുറവുണ്ടായത്. ഒക്ടോബർ 9-ന് യുഎഇ തീരക്കടലിൽ വച്ച് അജ്ഞാത വസ്തു ഇടിച്ചു തകരാറിലായ ‘ജെം നമ്പർ 2’ (Gem No. 2) എന്ന എണ്ണക്കപ്പലിൽ നിന്നാണ് എണ്ണച്ചോർച്ചയുണ്ടായത്.
ടാങ്കറിന്റെ കേടായ ഭാഗങ്ങൾ നന്നാക്കുകയും ചില പ്രവർത്തന സംവിധാനങ്ങൾ പുനഃസ്ഥാപിക്കുകയും അതിന്റെ ഘടനയുടെ സുരക്ഷ വിലയിരുത്തുകയും ചെയ്യുന്നുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. ഏറ്റവും പുതിയ ഫീൽഡ് വിലയിരുത്തലുകൾ പ്രകാരം, ടാങ്കറിൽ നിന്ന് പുതിയ എണ്ണ ചോർച്ച കണ്ടെത്തിയിട്ടില്ലെന്ന് അധികൃതർ പറഞ്ഞു. അതേസമയം സമുദ്ര, വ്യോമ നിരീക്ഷണ പ്രവർത്തനങ്ങൾ തുടരുന്നുണ്ട്. സ്ഥിതിഗതികൾ നിരീക്ഷിക്കുന്നതിനും പുതിയ സംഭവവികാസങ്ങൾ കണ്ടെത്താനും ഉപഗ്രഹ ചിത്രങ്ങൾ ഉപയോഗിക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു.
കുടിവെള്ള വിതരണ സംവിധാനങ്ങളുടെ സുരക്ഷ പൂർണമായും ഉറപ്പാക്കിയിട്ടുണ്ടെന്ന് ഇത്തിഹാദ് വാട്ടർ ആൻഡ് ഇലക്ട്രിസിറ്റി വ്യക്തമാക്കിയിട്ടുണ്ട്. കടൽവെള്ളം ശുദ്ധീകരിച്ചാണ് രാജ്യത്ത് കുടിവെള്ളം ഉൾപ്പെടെ ഉൽപാദിപ്പിക്കുന്നത് എന്നതിനാൽ, കുടിവെള്ളത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിന് മുൻകൂർ നടപടികൾ സ്വീകരിച്ചിരുന്നുവെന്നും അധികൃതർ അറിയിച്ചു. ജലവിതരണ കേന്ദ്രങ്ങളിലെ സമുദ്രജലത്തിന്റെ ഗുണനിലവാരം നിരീക്ഷിക്കുക, ഉൽപ്പാദിപ്പിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന വെള്ളം പരിശോധിക്കുക, ശൃംഖലയിലേക്ക് പമ്പ് ചെയ്യുന്നതിന് മുമ്പ് അംഗീകൃത ആവശ്യകതകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഈ മുൻകരുതൽ നടപടികൾ അതിന്റെ ഗുണഭോക്താക്കൾക്കുള്ള ജലവിതരണത്തെ ബാധിക്കില്ലെന്നും അധികൃതർ ചൂണ്ടിക്കാട്ടി.






