യു.എ.ഇയിൽ ഇ-സ്കൂട്ടറുകൾ, ഇ-ബൈക്കുകൾ, മോപെഡുകൾ (Mopeds) എന്നിവയുടെ ഉപയോഗത്തിന് പുതിയ ഫെഡറൽ ഗതാഗത നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. ഫെഡറൽ ഗതാഗത നിയമത്തിന്റെ എക്സിക്യൂട്ടീവ് റെഗുലേഷൻസ് (Cabinet Resolution No. 174 of 2026) അനുസരിച്ച് 2027 ജനുവരി 1 മുതലാണ് പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരുന്നത്.
ഇതുപ്രകാരം ഇ-സ്കൂട്ടർ പെർമിറ്റിനുള്ള കുറഞ്ഞ പ്രായപരിധി 15 വയസ്സായി നിശ്ചയിച്ചു. പെർമിറ്റുകളുടെ കാലാവധി 3 വർഷമായിരിക്കും.
ഇ-സ്കൂട്ടറുകൾ, ഇലക്ട്രിക് സൈക്കിളുകൾ, മോപെഡുകൾ എന്നിവ അതത് ലൈസൻസിംഗ് അതോറിറ്റികളിൽ നിർബന്ധമായും രജിസ്റ്റർ ചെയ്യുകയും റൈഡർമാർ പെർമിറ്റ് കൈവശം വെക്കുകയും വേണം. സ്വന്തമായി വാങ്ങിയ സ്കൂട്ടറുകൾക്കും വാടകയ്ക്ക് എടുക്കുന്നവയ്ക്കും നിയമം ബാധകമാണ്.
ട്രാഫിക് സിഗ്നൽ നിയമങ്ങൾ:
- റെഡ് സിഗ്നൽ ഉള്ളപ്പോൾ റോഡ് മുറിച്ചുകടക്കാൻ പാടില്ല.
- ഗ്രീൻ ലൈറ്റ് കത്തുമ്പോൾ കടന്നുപോകാം, എന്നാൽ ഗ്രീൻ സിഗ്നൽ മിന്നിത്തുടങ്ങിയാൽ (Flashing green) റോഡ് മുറിച്ചുകടക്കാൻ ആരംഭിക്കരുത്.
- അത്യാവശ്യ സുരക്ഷാ സജ്ജീകരണങ്ങൾ (Safety Equipment):
- മുൻവശത്ത് ഹെഡ്ലൈറ്റും പിൻവശത്ത് റെഡ് ബ്രേക്ക് ലൈറ്റും ഉണ്ടായിരിക്കണം.
- ഹാൻഡിൽബാറിൽ ശബ്ദമുന്നറിയിപ്പ് നൽകുന്ന ഹോൺ/ബെൽ ഉണ്ടായിരിക്കണം.
- കുറഞ്ഞത് പിൻചക്രത്തിലെങ്കിലും കാര്യക്ഷമമായ ബ്രേക്ക് ഉണ്ടായിരിക്കണം.
- ടയറുകളും മറ്റ് ഭാഗങ്ങളും സുരക്ഷിതമായി ഉറപ്പിച്ചതായിരിക്കണം.
- സഞ്ചരിക്കാവുന്ന പാതകൾ: അതത് അതോറിറ്റികൾ നിശ്ചയിച്ചിട്ടുള്ള പ്രത്യേക ട്രാക്കുകളിൽ (Designated routes) മാത്രമേ സ്കൂട്ടറുകൾ ഓടിക്കാവൂ. സാധാരണ മോട്ടോർ വാഹനങ്ങൾ ഓടുന്ന പ്രധാന റോഡുകളിൽ ഇ-സ്കൂട്ടറുകൾക്ക് പൂർണ്ണ നിരോധനമുണ്ട്.






