അബുദാബിയിലെ പൊതു പാർക്കിംഗ് കേന്ദ്രങ്ങളിൽ 332 ഇലക്ട്രിക് വെഹിക്കിൾ (EV) ചാർജിംഗ് പോയിന്റുകൾ പ്രവർത്തനസജ്ജമാക്കിയതായി ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെന്റർ (ITC/അബുദാബി മൊബിലിറ്റി) അറിയിച്ചു. ‘ക്യൂ മൊബിലിറ്റി’യുമായി (Q Mobility) സഹകരിച്ച് നടപ്പിലാക്കുന്ന പദ്ധതിയുടെ ആദ്യ ഘട്ടത്തിന്റെ ഭാഗമായാണ് ഇവ തുറന്നത്.
പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ 244 ചാർജിംഗ് യൂണിറ്റുകളാണ് സ്ഥാപിച്ചത്. ഇവയിലൂടെ ആകെ 332 ചാർജിംഗ് പോയിന്റുകൾ ലഭ്യമാകും.അബുദാബി സിറ്റി, അൽ ഐൻ സിറ്റി, അൽ ദഫ്ര പ്രദേശം എന്നിവടങ്ങളിലായി 405 കേന്ദ്രങ്ങളിലായി ആകെ 1,000 ചാർജിംഗ് യൂണിറ്റുകൾ എത്തിക്കുകയാണ് തുടക്കത്തിലെ ലക്ഷ്യം.
സാധാരണ ഉപയോഗത്തിനുള്ള 22 kW AC ചാർജറുകളും, പെട്ടെന്ന് ചാർജ് ചെയ്യാവുന്ന 60 kW മുതൽ 160 kW വരെ ശേഷിയുള്ള ഡയറക്ട് കറന്റ് (DC) ഫാസ്റ്റ് ചാർജറുകളുമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
2032-ഓടെ എമിറേറ്റിലുടനീളമുള്ള 2,250 കേന്ദ്രങ്ങളിലായി 4,500 ചാർജിംഗ് യൂണിറ്റുകളും 9,000-ത്തിലധികം ചാർജിംഗ് പോയിന്റുകളും സ്ഥാപിക്കാനാണ് അബുദാബി ഭരണകൂടം പദ്ധതിയിടുന്നത്.
ചാർജ് പോയിന്റ് (ChargePoint), തത്വീർ മിഡിൽ ഈസ്റ്റ് & ആഫ്രിക്ക (Tatweer Middle East & Africa), ലൂപ്പ് ഗ്ലോബൽ (Loop Global) തുടങ്ങിയ അന്താരാഷ്ട്ര ഏജൻസികളുമായി സഹകരിച്ചാണ് ശൃംഖലയുടെ നിർമ്മാണവും പ്രവർത്തനവും നടത്തുന്നത്.





