ദുബായ് : വിദേശത്തുള്ള ഇന്ത്യൻ പ്രവാസികൾക്ക് താമസിക്കുന്ന രാജ്യത്തുനിന്നുതന്നെ വോട്ട് ചെയ്യാനുള്ള സൗകര്യം യാഥാർത്ഥ്യമാക്കുന്നതിനായുള്ള നിയമപോരാട്ടങ്ങൾ തുടരുമെന്ന് അഡ്വ ഹാരിസ് ബീരാൻ എം പി പറഞ്ഞു. ഉത്സവ സീസണുകളിലുൾപ്പെടെ വിമാനക്കമ്പനികൾ നടത്തുന്ന അമിത നിരക്ക് വർധനവ് നിയന്ത്രിക്കാൻ കേന്ദ്ര സർക്കാരിൽ ശക്തമായ സമ്മർദ്ദം ചെലുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ദുബൈ കെഎംസിസി ലീഗൽ സെൽ സംഘടിപ്പിച്ച നിയമ ബോധവത്കരണ സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
യു എ ഇ ദേശീയദിനാഘോഷത്തിന്റെ ഭാഗമായി അബൂഹയിൽ കെഎംസിസി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ലീഗൽ സെൽ ചെയർമാൻ അഡ്വ ഇബ്രാഹിം ഖലീൽ അധ്യക്ഷത വഹിച്ചു. ദുബൈ കെഎംസിസി സംസ്ഥാന പ്രസിഡന്റ് ഡോ അൻവർ അമീൻ മുഖ്യപ്രഭാഷണം നടത്തി. ദുബൈ പോലീസ് ഉദ്യോഗസ്ഥരായ അഹമ്മദ് ഇബ്രാഹിം, അസ്മ അലി എന്നിവർ യു എ ഇ സൈബർ നിയമങ്ങളെക്കുറിച്ച് ബോധവത്കരണ ക്ലാസ്സെടുത്തു. ദുബൈ കെഎംസിസി ട്രഷറർ പി കെ ഇസ്മായിൽ, വനിതാ വിങ് പ്രസിഡന്റ് സഫിയ മൊയ്തീൻ എന്നിവർ അതിഥികൾക്ക് ഉപഹാരങ്ങൾ സമ്മാനിച്ചു.

ലേബർ ലോ, ഫാമിലി ലോ, കൊമേഴ്‌സ്യൽ ലോ, സൈബർ & ക്രിമിനൽ നിയമങ്ങൾ എന്നീ വിഷയങ്ങളിൽ നടന്ന പാനൽ ചർച്ചയിൽ അഡ്വ അനിൽ കുമാർ കൊട്ടിയം, അഡ്വ ബിനി സരോജ്, അഡ്വ അസീസ് തോലേരി, അഡ്വ ബക്കർ അലി എന്നിവർ പങ്കെടുത്തു. കാസിം പുത്തൻപുരക്കൽ, അഡ്വ സൈനബ് സർഹിന്ദിയ എന്നിവർ മോഡറേറ്റർമാരായിരുന്നു. ലീഗൽ സെൽ ജനറൽ കൺവീനർ അഡ്വ യസീദ് ഇല്ലത്തൊടി, വൈസ് ചെയർമാൻ അഡ്വ സാജിദ്, അഡ്വ റസീന, ഭാരവാഹികളായ റഹ്ദാദ് മൂഴിക്കര, ഷെബിൻ തിരുവനന്തപുരം, ഹംസ നടുവണ്ണൂർ, മുഹമ്മദ് അക്ബർ, ഷമീർ വെമ്മരം, ജാസിം കോട്ടയം, സുബൈർ അബ്ദുള്ള, സിയ യഹ്‌യ, അഷ്‌റഫ് എന്നിവർ സംസാരിച്ചു.
ദുബൈ കെഎംസിസി സംസ്ഥാന ഭാരവാഹികളായ ഇബ്രാഹിം മുറിച്ചാണ്ടി, പി.വി. നാസർ, റയീസ് തലശ്ശേരി, ഹംസ തൊട്ടി, കെ പി എ സലാം, അബ്ദുള്ള ആറങ്ങാടി, ഷഫീഖ് തിരുവനന്തപുരം, ശുകൂർ മലപ്പുറം, അബ്ദുൾ ഖാദർ അരിപ്പാമ്പ്ര തുടങ്ങിയവർ സംബന്ധിച്ചു.






