ശൈത്യകാല വിനോദയാത്രകൾ സജീവമായതോടെ, മോട്ടോർ സൈക്കിൾ വാടകയ്ക്ക് നൽകുന്നതിന്റെയും വിൽപ്പനയുടെയും, മരുഭൂമിയിലെ ക്യാമ്പുകളുടെയും (Desert camps) വിശ്രമകേന്ദ്രങ്ങളുടെയും (Rest houses) പേരിൽ നടക്കുന്ന വ്യാജ ഓൺലൈൻ പരസ്യങ്ങൾക്കെതിരെ അബുദാബി പോലീസ് താമസക്കാർക്ക് കർശന മുന്നറിയിപ്പ് നൽകി. ശൈത്യകാലത്ത് പുറംവിനോദങ്ങൾക്കുള്ള ആവശ്യകത വർദ്ധിച്ചത് മുതലെടുത്ത് തട്ടിപ്പുകാർ സമൂഹമാധ്യമങ്ങളിലൂടെയും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലൂടെയും വ്യാപകമായി വ്യാജ ഓഫറുകൾ പ്രചരിപ്പിക്കുന്നതായി പോലീസ് വ്യക്തമാക്കി.
കാലാവസ്ഥ തണുത്തതോടെ മരുഭൂമിയിലേക്കുള്ള യാത്രകളും ക്യാമ്പിംഗും ബൈക്ക് റൈഡുകളും വർദ്ധിച്ചിട്ടുണ്ട്. ഇത് മുതലെടുത്ത് വിശ്വസനീയമെന്ന് തോന്നിപ്പിക്കുന്ന വ്യാജ ലിങ്കുകൾ വഴി ഉപഭോക്താക്കളുടെ പണവും ബാങ്കിംഗ് വിവരങ്ങളും തട്ടിയെടുക്കാനാണ് സൈബർ കുറ്റവാളികൾ ശ്രമിക്കുന്നത്.
മോട്ടോർ സൈക്കിൾ വാങ്ങുന്നതിനോ വാടകയ്ക്ക് എടുക്കുന്നതിനോ, ക്യാമ്പുകളും വില്ലകളും ബുക്ക് ചെയ്യുന്നതിനോ മുൻകൂറായി പണം അക്കൗണ്ടിലേക്ക് മാറ്റാൻ തട്ടിപ്പുകാർ ആവശ്യപ്പെടുന്നു. പണം ലഭിക്കുന്നതോടെ ഇവർ അപ്രത്യക്ഷരാകുകയാണ് പതിവ്.
ആകർഷകമായ വിലക്കുറവ് കണ്ട് വഞ്ചിതരാകരുതെന്നും, ശൈത്യകാല വിനോദയാത്രകൾ ആസൂത്രണം ചെയ്യുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നും അബുദാബി പോലീസ് ഓർമ്മിപ്പിച്ചു. സംശയാസ്പദമായ ഓൺലൈൻ പരസ്യങ്ങളോ തട്ടിപ്പ് ശ്രമങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ പോലീസിനെ അറിയിക്കണമെന്നും അധികൃതർ വ്യക്തമാക്കി.






