ദുബായ്: ദുബായ് മെട്രോ ബ്ലൂ ലൈനിന്റെ പുതിയ ട്രെയിൻ ഡിസൈൻ, നവീകരിച്ച സാങ്കേതികവിദ്യ, നിറങ്ങൾ എന്നിവ ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അനാവരണം ചെയ്തു. ദുബായ് ഫെസ്റ്റിവൽ സിറ്റിയിൽ പദ്ധതിയുടെ നിർമ്മാണ പുരോഗതി വിലയിരുത്തിയ വേളയിലാണ് പുതിയ രൂപകൽപ്പന പുറത്തുവിട്ടത്.
പുതിയ ഡിസൈനും നിറങ്ങളും. ട്രെയിനുകളുടെ ഉൾവശവും സ്റ്റേഷനുകളുടെ ഇന്റീരിയറും ആധുനിക രീതിയിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. സ്ത്രീകൾക്കും കുട്ടികൾക്കും മാത്രമായുള്ള ക്യാബിനുകളിൽ പ്രത്യേക ‘ബ്ലഷ് ടോൺ’ നിറമാണ് നൽകിയിരിക്കുന്നത്. 30 കിലോമീറ്റർ ദൈർഘ്യവും 14 സ്റ്റേഷനുകളുമുള്ള ബ്ലൂ ലൈൻ പദ്ധതിയുടെ നിർമ്മാണം ഏകദേശം 30 ശതമാനം പൂർത്തിയായിക്കഴിഞ്ഞു. 2029 സെപ്റ്റംബർ 9-ന് പാത ഔദ്യോഗികമായി തുറന്നുകൊടുക്കാനാണ് ലക്ഷ്യമിടുന്നത്.






