തൊഴിൽ സംബന്ധമായ പരാതികൾ വേഗത്തിൽ തീർപ്പാക്കുന്നതിനായി നിർമ്മിത ബുദ്ധി (AI) സാങ്കേതികവിദ്യ ഉപയോഗിക്കാൻ യു.എ.ഇ മാനവ വിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം (MoHRE) ഒരുങ്ങുന്നു. സേവനങ്ങളുടെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനും തൊഴിൽ തർക്കങ്ങൾ പരിഹരിക്കുന്ന നടപടിക്രമങ്ങൾ ലളിതമാക്കുന്നതിനുമാണ് പുതിയ നീക്കം. ഇതിന്റെ ഭാഗമായി പൊതുജനങ്ങളിൽ നിന്ന് അഭിപ്രായങ്ങളും നിർദ്ദേശങ്ങളും തേടിക്കൊണ്ട് മന്ത്രാലയം ഓൺലൈൻ സർവേയും ആരംഭിച്ചു.
തൊഴിൽ ബന്ധങ്ങൾ നിയന്ത്രിക്കുന്ന നടപടിക്രമങ്ങളുടെ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും നൂതന ഡിജിറ്റൽ പരിഹാരങ്ങൾ സ്വീകരിക്കുന്നതിനുമുള്ള മന്ത്രാലയത്തിന്റെ വിശാലമായ തന്ത്രത്തിന്റെ ഭാഗമായാണ് പരാതി പരിഹാരത്തിൽ എ.ഐ ഉൾപ്പെടുത്തുന്നത്.
എ.ഐ ഉപയോഗിക്കുന്നതിനെക്കുറിച്ചുള്ള പൊതുജനങ്ങളുടെ പിന്തുണ അളക്കുന്നതിനായി അഞ്ച് പ്രധാന ചോദ്യങ്ങളുള്ള ഒരു ഓൺലൈൻ സർവേ മന്ത്രാലയം ആരംഭിച്ചിട്ടുണ്ട്. ഉപഭോക്താക്കൾക്കും പൊതുജനങ്ങൾക്കും നാല് ഓപ്ഷനുകളിൽ നിന്ന് തങ്ങളുടെ നിലപാട് രേഖപ്പെടുത്താം.
അടുത്ത ഡിസംബർ അവസാനം വരെ ലഭിക്കുന്ന നിർദ്ദേശങ്ങളും അഭിപ്രായങ്ങളും വിശകലനം ചെയ്ത ശേഷമായിരിക്കും അന്തിമ തീരുമാനങ്ങൾ എടുക്കുക. ഉപഭോക്താക്കളുടെ ആവശ്യങ്ങൾ പരിഹരിക്കാനും അവരുടെ സംതൃപ്തിയും സന്തോഷവും വർദ്ധിപ്പിക്കാനും ഇത് സഹായിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.






