നാളെ വൈകുന്നേരം ( ജനുവരി 11 വെള്ളി 4 pm ) രാഹുൽ ഗാന്ധി ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യുമ്പോൾ പതിനായിരങ്ങൾ പങ്കെടുക്കുമെന്ന് കോൺഗ്രസ് വൃത്തങ്ങൾ പ്രതീക്ഷിക്കുന്നു. പ്രധാന മന്ത്രി നരേന്ദ്ര മോഡി അതെ വേദിയിൽ പ്രസംഗിച്ചപ്പോൾ കേൾക്കാൻ എത്തിയ പൗരാവലിയുടെ ഇരട്ടിയെങ്കിലും ഉണ്ടാകുമെന്നാണ് പ്രാഥമിക കണക്കുകൾ.
വിവിധ എമിറേറ്റുകളിൽ നിന്ന് പ്രത്യേക വാഹന സൗകര്യം ഏർപ്പാടാക്കിയിട്ടുണ്ട്. കോൺഗ്രസ് അനുബന്ധ സംഘടനകൾക്ക് പുറമെ യുഎഇ കെഎംസിസി രംഗത്ത് നിന്ന് പ്രവർത്തിക്കുന്നത് കൊണ്ടു ജന പ്രളയം പ്രതീക്ഷിക്കുന്നതിൽ തെറ്റില്ലെന്നാണ് കണക്കു കൂട്ടൽ. കേരളത്തിൽ നിന്ന് മിക്ക കോൺഗ്രസ് നേതാക്കന്മാരും ദുബായിൽ എത്തിയിട്ടുണ്ട്.
എല്ലാവരും ശ്രദ്ധ വയ്ക്കുന്നത് സ്റ്റേഡിയത്തിലേക്ക് ആളെ കൂട്ടുന്നതിന് തന്നെയാണ്. പ്രത്യക്ഷത്തിൽ ടാർഗറ്റ് വച്ചിട്ടില്ലെങ്കിലും ഓരോരുത്തരും ആളുകളെ കിട്ടാനും കൂട്ടാനും ഉള്ള പരിശ്രമത്തിൽ ഏർപ്പെട്ടു വരികയാണ്.
(ദുബായ് സന്ദർശനത്തിനിടയിൽ മോഡി നടത്തിയ പ്രസംഗം)
രാഹുലിന്റെ പ്രസംഗ വിഷയങ്ങൾ മറ്റു നേതാക്കന്മാർക്ക് പോലും അറിയില്ലെങ്കിലും വിദേശത്ത് കഴിയുന്ന ഇന്ത്യക്കാരുമായി ബന്ധപ്പെട്ട കാതലായ വിഷയങ്ങളിൽ ഊന്നി സംസാരിക്കുമെന്ന് പ്രതീക്ഷയുണ്ട്. ഇന്ത്യയുടെ ഭാവി പ്രധാനമന്ത്രി എന്ന അർത്ഥത്തിൽ ഗൾഫിലെ മറ്റു സമൂഹങ്ങളും രാഹുലിനെ നോക്കി കാണുകയും വിലയിരുത്തുകയും ചെയ്യുന്നുണ്ട്.
രാഹുലിന് പാകതയില്ലെന്ന് പറഞ്ഞു ആക്ഷേപിച്ചിരുന്ന പല പ്രതിയോഗികളും ഇപ്പോഴത്തെ രാഹുൽ പ്രസംഗങ്ങൾ കേട്ട് അഭിപ്രായം മാറ്റി തുടങ്ങിയിട്ടുണ്ട്. ദേശീയ ടീവി ചാനലുകളിൽ അന്തി ചർച്ചകളിൽ രാഹുലിനെ കുറിച്ചു ഇപ്പോൾ കൂടുതലും പ്രശംസയാണ് വന്നുകൊണ്ടിരിക്കുന്നത്. വിട്ടു വീഴ്ച ഇല്ലാതെ ബിജെപി യ്ക്ക് വേണ്ടി വാദിക്കുന്ന റിപ്പബ്ലിക്ക് ടീവീ യുടെ അർണാബ് ഗോ സ്വാമി പോലും ഇപ്പോൾ കുറേശ്ശേ കളം മാറി ചവിട്ടിയിട്ടുണ്ട്.
അറബ് മാധ്യമങ്ങളും ഗൾഫിലെ ഇംഗ്ലീഷ് മാധ്യമങ്ങളും രാഹുലിന്റെ ദുബായ് സന്ദർശനത്തിന് മികച്ച പ്രാധാന്യം നൽകിയിട്ടുണ്ട്. ചില ഭരണാധികാരികളുമായി കൂടിക്കാഴ്ച നടത്താനും സാധ്യത ഉണ്ട്.
:Political Reporter
Dubai Vartha