ഏഷ്യൻ കപ്പ് ഫുട്ബോൾ ഗ്രൂപ്പ് എയിൽ ഇന്ന് ഇന്ത്യ യു എ ഇ മത്സരം. ആദ്യ മത്സരത്തിൽ ജയിച്ച ഇന്ത്യ തായ്ലാൻഡിനെതിരെ മികച്ച വിജയം നേടിയിരുന്നു. ആദ്യ മത്സരത്തിൽ യു എ ഇ ബെഹറിനോട് സമനില വഴങ്ങി. ഇന്ന് ഇന്ത്യയെ കീഴടക്കിയാൽ മാത്രമേ നോക്കൗട്ട് പ്രതീക്ഷ സജീവമായി നിലനിർത്താൻ അവർക്കു സാധിക്കൂ. ഗ്രൂപ്പിലെ ഗോൾ ശരാശരിയിൽ +3 ആണ് ഇന്ത്യക്ക്.
ആദ്യ മത്സരത്തിൽ തായ്ലൻഡിനെതിരേ ഇരട്ട ഗോൾ നേടിയ സുനിൽ ഛേത്രിയുടെ സ്കോറിംഗ് പാടവമാണ് ഇന്ത്യയുടെ കരുത്ത്. ഫുട്ബോൾ കളത്തിൽ സജീവമായുള്ളവരിൽ ഗോളടിയിൽ ലോകത്തിൽ രണ്ടാം സ്ഥാനത്താണ് ഛേത്രി. അർജന്റീനയുടെ സൂപ്പർ താരം ലയണൽ മെസിയെ (65 ഗോൾ) മറികടന്ന് 67 ഗോളുമായാണ് ഛേത്രി നിലകൊള്ളുന്നത്. പോർച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാൾഡോ (85 ഗോൾ) മാത്രമാണ് ഇനി ഛേത്രിക്കു മുന്നിലുള്ളത്.