ദുബായ് ഭരണാധികാരി ഹിസ് ഹൈനെസ് ഷെയ്ഖ് മുഹമ്മദ് എഴുതിയ, അറബിയിൽ പുറത്തിറങ്ങിയതും ഇംഗ്ലീഷിൽ അടുത്തമാസം പ്രസിദ്ധീകരിക്കുന്നതുമായ ആത്മ കഥ “ഖിസ്സത്തീ” ( my story -എന്റെ കഥ ) ഒരു രാജകുമാരൻ വളർന്നുവന്നതിന്റെ കഥയ്‌ക്കൊപ്പം ദുബായ് നഗരത്തിന്റെ ഇതിഹാസം കൂടിയായി പരിഗണിക്കപ്പെടുകയാണ്. 50 അധ്യായങ്ങളിൽ 50 സംവത്സരങ്ങൾ ആലേഖനം ചെയ്ത അപൂർവ കൃതിയായി “ഖിസ്സത്തീ” മാറുന്നു.
സവിശേഷത നിറഞ്ഞ ഈ ആത്മ കഥാ കഥനത്തിൽ, പാരമ്പര്യത്തിന്റെ മഹിമ പേറുന്ന നിരവധി സന്ദർഭങ്ങളുണ്ട്.
പിതാമഹന്റെയും മാതാവിന്റെയും ജീവിതവും മരണവും ഒക്കെ മനസ്സിൽ തട്ടുന്ന വിധത്തിൽ അനുഭവങ്ങളുടെ തീച്ചൂളയിൽ നിന്നും എഴുതിയിരിക്കുകയാണ് ഷെയ്ഖ് മുഹമ്മദ്.
ഒരു മനുഷ്യൻ ജീവിത ഘട്ടത്തിലും ശേഷവും അളക്കപ്പെടുന്നതും വിലയിരുത്തപ്പെടുന്നതും സമൂഹത്തിന് വേണ്ടി നിസ്വാർത്ഥമായി ചെയ്ത സേവനങ്ങളുടെ പേരിലാണെന്ന് ഷെയ്ഖ് മുഹമ്മദ് പറയുന്നു.
തേളുകൾക്കൊപ്പം ഉറങ്ങിയ മരുഭൂ രാവുകൾ
കുട്ടിക്കാലത്തെ മരുഭൂമി ജീവിതാനുഭവങ്ങൾ മൂന്നാമത്തെ അധ്യായത്തിലുണ്ട്. ഹുമൈദ് എന്ന ആളോടൊപ്പം മരുഭൂമിയിൽ താമസിക്കാൻ പിതാവ് അയക്കാറുണ്ട്. പ്രകൃതിയുടെ അവസ്ഥാന്തരങ്ങൾ മനസ്സിലാക്കാൻ. മരുഭൂമിയിലെ കിടക്കയിൽ ഹുമൈദ് പലപ്പോഴും ഞാൻ അറിയാതെ കുഞ്ഞു തേളുകളെ കൊണ്ടിടാറുണ്ട്. അതിന്റെ കടിയേറ്റ് അര്ധരാത്രികളിൽ ഞാൻ വേദനിച്ചു ഉണരാറുണ്ട്. തേളുകൾക്ക് രാത്രി ചൂട് വേണം. മനുഷ്യ രക്തം തേടി വരും.
വലിയ തേൾ കടി ഏൽക്കേണ്ടിവന്നാൽ പ്രതിരോധം കിട്ടുന്നതിന് വേണ്ടിയാണ് അന്ന് ഇങ്ങനെ ചെയ്തിരുന്നത്. പിന്നീട് വലുതായപ്പോൾ എന്നെ ഒരു വിഷത്തേൾ കടിച്ചപ്പോൾ ഞാൻ അതു തിരിച്ചറിഞ്ഞു മനസ്സിലാക്കി- “ഖിസ്സത്തീ” ഇങ്ങനെ നൂറു നൂറു ജീവിതാനുഭവങ്ങൾ തത്വ ചിന്താ പരതയിൽ പറഞ്ഞു തരുന്നു.
ഉമ്മ ലത്തീഫ ഏറ്റവും സുന്ദരിയായ രാജകുമാരി, എന്നും തണൽ. ഓർമകളും നിസ്തുലം
ഏറ്റവും സുന്ദരിയായ രാജകുമാരിയും ലോകത്തിലെ ഏറ്റവും സൗന്ദര്യമുള്ള രാജ്ഞിയും എന്റെ ഉമ്മ ലത്തീഫ യാണ് എന്ന് തുടങ്ങുന്ന അധ്യായം നമ്മുടെ കണ്ണുകളെ വൈകാരികതയാൽ ഈറനണിയിക്കും.
അവസാനം ചികിത്സയ്ക്കായി ലണ്ടനിലേക്ക് പോകുന്നതിനു മുൻപ് ‘നിന്നെ കാണാൻ നന്നായിരിക്കുന്നു’ എന്ന് ഉമ്മ പറഞ്ഞ സന്ദർഭം മനസ്സിൽ നിന്നും ഒരിക്കലും മായില്ലെന്ന് ഹിസ് ഹൈനെസ് എഴുതുന്നു.
ഉമ്മാക്ക് സമ്മാനിക്കാൻ കാത്തുവച്ചിരുന്ന തന്റെ റിസ്റ്റ് വാച്ച് നൽകാൻ കഴിയാതെ പോയതും, പക്ഷെ ഒരു ദൈവിക നിയോഗം പോലെ ഖബറിലേക്ക് തന്റെ കയ്യിൽ നിന്നും അവസാന മണ്ണ് വാരിയിടുന്ന സമയത്ത് ആ വാച്ച് ഊർന്ന് വീണതും ആയ ജീവിത മുഹൂർത്തങ്ങൾ ഷെയ്ഖ് മുഹമ്മദ് വരച്ചിട്ടിരിക്കുന്നു ഈ ആത്മ കഥയിൽ.
അപൂർണമായ ജീവിത കഥ എന്നാണ് ഷെയ്ഖ് മുഹമ്മദ് ഇതിനെ കുറിച്ച് ആമുഖത്തിൽ പറയുന്നത്.
“ഖിസ്സത്തീ” ഒരു വിശാലമായ ജീവിതാനുഭവം വായനക്കാർക്ക് സമ്മാനിക്കുകയാണ്. ലോകത്തുള്ള ഭരണാധികാരികളിൽ വച്ച് ആത്മകഥ എഴുതിയിട്ടുള്ളവരിൽ ഹിസ് ഹൈനെസ്സിന്റെ My Story വൈകാരിക സംഭവങ്ങൾ കൊണ്ടു തികച്ചും വേറിട്ടു നിൽക്കുക തന്നെയാണ്.
ഒരു ഖബറടക്കത്തിന്റെ ഓർമ
പിതാമഹൻ ഷെയ്ഖ് സഈദ് മരണമടഞ്ഞ സമയത്ത് ഖബറടക്കം നടക്കുന്ന വേളയിൽ, കുട്ടിയായിരുന്ന തന്റെ കൈകളിൽ പിതാവ് ഷെയ്ഖ് റാഷിദ് കുറേ നേരം ഇറുക്കിപിടിച്ചത് എന്തിനാണെന്ന് ഹിസ്ഹൈനെസ് പല പ്രാവശ്യം ആലോചിച്ചിട്ടുണ്ട്. ഒരു പക്ഷെ എപ്പോഴും പിന്തുടരുന്ന മരണ മുഹൂർത്തത്തെ നമുക്കെല്ലാം സ്വീകരിക്കേണ്ടി വരുമെന്ന മുന്നറിയിപ്പാകാം ആ ഇറുക്കിപിടിക്കലിലൂടെ പിതാവ് ‘കൈമാറി’യതെന്നും ഷെയ്ഖ് മുഹമ്മദ് എഴുതുന്നു.
ജീവിതത്തെ മാറ്റി മറിച്ച 50അനുഭവങ്ങൾ 50 അധ്യായങ്ങളാക്കി അവതരിപ്പിച്ചിരിക്കുകയാണ് “ഖിസ്സത്തീ” യിൽ. ഒരു സമ്പൂർണ മലയാള വിവർത്തനം ലോക മലയാളികൾ കാത്തിരിക്കുന്നു.
കവർ ഫോട്ടോ കടപ്പാട്: http://www.buro247.me/culture/buro-loves/sheikh-mohammed-birthday-2014.html