Search
Close this search box.

എയർ ഇന്ത്യയെ വിമർശിക്കുന്നവർ അറിയാൻ സാമൂഹിക പ്രവർത്തകൻ നാസർ നന്തി പറയുന്നത്.

യുഎഇയിൽ മരണമടയുന്ന പ്രവാസികളുടെ മൃതദേഹം ഇന്ത്യയിലെത്തിക്കുന്നതിനുള്ള കൂലിയിൽ ഇളവ് നല്കിയിട്ടും എയർ ഇന്ത്യയെ വിമർശിശിക്കുന്ന പ്രവണത ശ്രദ്ധയിൽപ്പെട്ടതുകൊണ്ടാണ് ഈ കുറിപ്പ് എഴുതുന്നത്.
പാകിസ്ഥാൻ ഇൻറർനാഷണൽ എയർലൈൻസും, ബംഗ്ലാദേശിന്റെ ബിമാൻ എയർലൈൻസും തങ്ങളുടെ പൗരന്മാരുടെ മൃതദേഹങ്ങൾ സൗജന്യമായി നാട്ടിലെത്തിക്കുന്നുണ്ടെന്ന് പറഞ്ഞ് എയർ ഇന്ത്യയെ കുറ്റപ്പെടുത്തുന്നവർ ആ രാജ്യങ്ങളിൽ നിന്നും ഇന്ത്യയിൽ നിന്നും ഉള്ള പ്രവാസികളുടെ എണ്ണം കൂടി പരിഗണിക്കണം. പാകിസ്ഥാൻ എയർലൈൻസ് സർക്കാർ സ്‌ഥാപനമാണ്. എയർഫ്രെയ്റ്റ് മാത്രമാണ് അവർ സൗജന്യമാക്കിയിരിക്കുന്നത്. എംബാമിംഗ്, ആംബുലൻസ് ചെലവുകൾ, മൃതദേഹമയയ്ക്കാനുള്ള പെട്ടി, മൃതദേഹത്തെ അനുഗമിക്കേണ്ടയാളുടെ യാത്രച്ചെലവ് എന്നിവയിലൊന്നും ഇളവില്ല.
എന്നാൽ, ഇന്ത്യൻ പ്രവാസികളുടെ കാര്യത്തിൽ, യുഎഇയിലെ ഇന്ത്യൻ എംബസിയും ദുബായിലെ ഇന്ത്യൻ കോൺസുലേറ്റും, സാമ്പത്തിക ബുദ്ധിമുട്ടുള്ളവർക്ക്, 6000 ദിർഹത്തിൽ കൂടുതൽ തുക മൃതദേഹമയയ്ക്കാനായി നൽകിവരുന്നുണ്ട്. ഈ തുക എയർ ലൈനിന് നേരിട്ടോ, ബന്ധപ്പെട്ട വ്യക്തികൾ മുഖേനയോ വിതരണം ചെയ്യുന്നു. എയർഫ്രെയ്റ്റിന് പുറമെ, മറ്റുള്ള എല്ലാ ചെലവുകൾക്കും ഈ തുക തികയും. ഫലത്തിൽ, സാമ്പത്തികപരാധീനതയുള്ളവരുടെ കാര്യത്തിൽ മൃതദേഹം നാട്ടിലെത്തിക്കുന്നത് പൂർണ്ണമായും സൗജന്യമായിരിക്കും. എയർ ഇന്ത്യയെ വഴിവക്കിലും കവലകളിലും നിന്ന് പുച്ഛിക്കുന്നവർ ഈ സാമ്പത്തിക സഹായം അർഹതയുള്ളവർക്ക് നേടിക്കൊടുക്കാൻ ശ്രമിക്കാറുണ്ടോയെന്ന് സ്വയം ചിന്തിക്കണം.
ശരിയായ ബില്ലുകളുമായി എംബസിയെയോ കോണ്സുലേറ്റിനേയോ സമീപിച്ചാൽ ഈ തുക ലഭിക്കും.
എയർ ഇന്ത്യയെ കുറ്റപ്പെടുത്തുന്നവർക്ക് അവരുടേതായ നിക്ഷിപ്ത താല്പര്യങ്ങളുണ്ട്. ഇപ്പോൾ തന്നെ കടക്കെണിയിലായ, സ്വകാര്യവൽക്കരണ ഭീഷണി നേരിടുന്ന എയർ ഇന്ത്യ പൊതുമേഖലയിൽത്തന്നെ നിലനിൽക്കേണ്ടത് എല്ലാ ഭാരതീയരുടെയും ആവശ്യമാണ്.
എയർ ഇന്ത്യയെ സ്വകാര്യവൽക്കരിക്കുന്നത്, അതിർത്തിയിൽ കാവൽ നിൽക്കുന്ന ഭാരത സൈന്യത്തെ സ്വകാര്യവൽക്കരിക്കുന്നതിന് തുല്യമാണ്. പ്രവാസികളുടെയും മറ്റുള്ള ഭാരതീയരുടെയും താൽപ്പര്യങ്ങൾ സംരക്ഷിക്കപ്പെടാൻ എയർ ഇന്ത്യ ലാഭകരമാകുകയും പൊതുമേഖലയിൽത്തന്നെ തുടരുകയും വേണം. സ്വകാര്യമേഖലയിലുള്ള ഒരു വിമാനക്കമ്പനിയ്‌ക്ക്‌ എയർ ഇന്ത്യയെ പോലെ സാമൂഹ്യ പ്രതിബദ്ധതയുണ്ടാകണമെന്നു നിര്ബദ്ധമില്ല.
മൃതദേഹം തൂക്കിനോക്കുന്നതാണ് ചിലർക്ക് പ്രശ്നം. ഏതു വിമാനത്തിലും കാർഗോ ഹോൾഡിൽ സൂക്ഷിക്കേണ്ട വസ്തുക്കളുടെ ഭാരം അളക്കുകയെന്നത് ഒഴിവാക്കാനാകാത്തതാണ്.
എയർ ഇന്ത്യയെ ആക്രമിക്കുന്നതിന് പകരം, കേന്ദ്രസർക്കാരിനെ സമീപിക്കുകയാണ് ചെയ്യേണ്ടത്.

നാളെ എയർ ഇന്ത്യ സ്വകാര്യവത്കരിച്ചാൽ തീർന്നു നമ്മുടെയൊക്കെ ഈ രോദനങ്ങൾ, അവർക്കു വേണമെങ്കിൽ ഇൻഡിഗോ പോലെ ജനാസയുടെ മൂവ്മെന്റ് വേണ്ടാന്ന് വെക്കാം അല്ലെങ്കിൽ മറ്റുള്ള പ്രൈവറ്റ് എയർലൈൻസ് പോലെ(ജെറ്റ് എയർവേസ്‌,എമിരേറ്റ്സ്,ഫ്‌ളൈദുബായ്) പോലുള്ളവർ വാങ്ങുന്ന 100% IATA റേറ്റ് ഫിക്സ് ചെയ്യാം. അതു കൊണ്ടാണ് നമ്മൾ എയർലൈനിനെ എതിരെ പറയാതെ കേന്ദ്ര ഗവണ്മെന്റ് സൊല്യൂഷൻ വേണമെന്ന് പറയുന്നത്.

ഇവിടെ നമ്മൾ മൊത്തം ചിലവിന്റെ 25% കാര്യത്തിൽ മാത്രമാണ് ശബ്ദമുണ്ടാക്കുന്നത്.

ഒരു മൃതദേഹം ഫ്ലൈറ്റിൽ കയറ്റുന്നത്തിന്റെ ഓപ്പറേഷൻ എന്താന്ന് നമ്മൾക്ക് ആർക്കെങ്കിലും അറിയുമോ, നമ്മൾ എപ്പോഴും എയർപോർട്ട് കൊണ്ടെത്തിച്ചാൽ തീർന്നു എന്നാണ് എല്ലാവരുടെയും ധാരണ അതിനപുറത്തേക്കു നമ്മൾ ചിന്തിച്ചിട്ടുണ്ടോ.

പലപ്പോഴും ലഗേജ് കിട്ടിയില്ല എന്നു പറഞ്ഞു തല്ലു കൂടാറുണ്ട്, എന്താണ് കാരണം എന്നാരെങ്കിലും ചോദിക്കാറുണ്ടോ? പലപ്പോഴും നമ്മുടെയൊക്കെ ലഗ്ഗേജിന്റെ സ്ഥാനത്തു നമ്മളറിയാത്ത പലരുടെയും മൃതദേഹങ്ങളായിരിക്കും.

സൗജന്യമായി മൃതദേഹങ്ങൾ എത്തിക്കുമ്പോൾ വരുന്ന വരുമാന നഷ്ടം ആത്യന്തികമായി ജനങ്ങളെത്തന്നെയാണ് ബാധിക്കുന്നത്.
ഏതൊരു പ്രവാസി മരിച്ചാലും, അവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുകയെന്നത് ആ വ്യക്തിയുടെ സ്പോൺസറിന്റെ ഉത്തരവാദിത്തമാണ്. മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനുള്ള ചെലവുകൾ കമ്പനിയുടെ ഉടമകൾ വഹിക്കാൻ തയ്യാറുമാണ്. എന്നാൽ വിസ വിലയ്ക്ക് വാങ്ങിയ പ്രവാസികളുടെ കാര്യത്തിൽ, സ്പോണ്സറില്ലെങ്കിലും, ‘ഫ്രീ ഓഫ് ചാർജ്’ ആയി മൃതദേഹങ്ങൾ എത്തിക്കാൻ എംബസിയും കോൺസുലേറ്റും തയ്യാറാണ്.
സീസണെന്നോ ഓഫ്-സീസണെന്നോ നോക്കാതെ, പ്രായമോ ഭാരമോ പരിഗണിക്കാതെ, മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള ചെലവ് 1000 ദിർഹമാക്കണമെന്നതാണ് നമ്മുടെ ആവശ്യം. ഈ തുകയിൽ വിവിധ നടപടിക്രമങ്ങൾക്ക് ആവശ്യമായ എല്ലാ ചെലവുകളും അടങ്ങിയിരിക്കണം. അതുകൂടാതെ മൃതദേഹത്തെ അനുഗമിക്കുന്ന വ്യക്തിയുടെ എയർ ടിക്കറ്റ് പ്രത്യേക കിഴിവോടെ ഒരു നിശ്ചിത തുകയായി സീസൺ കാലത്തും നിജപ്പെടുത്തുകയും ചെയ്യണം.
കാള പെറ്റു എന്ന് കേൾക്കുമ്പോൾ കയറെടുക്കുന്ന ശീലം ഇനിയെങ്കിലും ഒഴിവാക്കി, പ്രവാസികളുടെ വിവിധ പ്രശ്നങ്ങൾ പരിഹരിക്കാൻ, വാർത്തയിൽ ഇടം പിടിക്കുക എന്നതിനേക്കാൾ, സൃഷ്ടിപരവും യുക്തിഭദ്രവുമായ പ്രവർത്തനങ്ങളുമായി മുന്നോട്ടുവരാൻ എല്ലാവരോടും ഞാൻ അഭ്യർത്ഥിക്കുന്നു.

നമുക്ക്‌ ഈ ഒരു വിഷയത്തിൽ ഒരുപാട് പടിക്കേണ്ടതുണ്ട്.
ഞാൻ എന്തായാലും ഇതിനെ കുറിച്ച് പഠിക്കാൻ തീരുമാനമെടുത്തിട്ടുണ്ട്, നമ്മൾക്കെല്ലാം നല്ലതു വരണം ആർക്കും ഒരു ബാധ്യതയും ഇല്ലാതെ.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts