ദുബായ്: അമ്പത് വര്‍ഷം പിന്നിടുന്ന മാഹി മഹാത്മ ഗാന്ധി ഗവ.ആര്‍ട്‌സ് കോളജിലെ പ്രവാസികളായ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ ആഗോള സംഗമം മെഗാ 2019 എന്ന പേരില്‍ ജനുവരി 18 ന് വെള്ളിയാഴ്ച ദുബായില്‍ സംഘടിപ്പിക്കുന്നു. ഖിസൈസിലെ ന്യൂ വേള്‍ഡ് പ്രൈവറ്റ് സ്‌കൂള്‍ ഓഡിറ്റോറിയത്തിലാണ് പരിപാടി. വ്യത്യസ്ത കാലങ്ങളിലായി മാഹി കോളജില്‍ പഠിച്ച വിവിധ രാജ്യങ്ങളിലെ ആയിരത്തോളം പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്ന സംഗമമാണ് മെഗാ 2019. പുതുച്ചേരി മുഖമന്ത്രി വി. നാരായണസാമി സംഗമം ഉദ്ഘാടനം ചെയ്യും.
സാഹിത്യത്തിനുള്ള എഴുത്തച്ഛന്‍ പുരസ്‌കാര ജേതാവ് എം.മുകുന്ദന്‍ മുഖ്യ പ്രഭാഷണം നടത്തും. മയ്യഴി എം.എല്‍.എ ഡോ: വി.രാമചന്ദ്രന്‍ , മുന്‍ മന്ത്രി ഇ.വത്സരാജ്, , മുന്‍ പ്രിന്‍സിപ്പലും കേരള സാഹിത്യ അക്കാദമി സെക്രട്ടറിയുമായ ഡോ: കെ.പി.മോഹനന്‍ , മുന്‍ പ്രിന്‍സിപ്പല്‍ ഡേ:ആന്‍റണി ഫര്‍ണാണ്ടസ്, കോളജ് അലുമ്‌നി മുന്‍ ഭാരവാഹികളായ സോമന്‍ പന്തക്കല്‍ , സി.എച്ച് പ്രഭാകരന്‍ എന്നിവര്‍ അതിഥികളായി പങ്കെടുക്കും. മാഹി മഹാത്മഗാന്ധി ഗവ: ആര്‍ട്‌സ് കോളജിന്‍റെ സുവര്‍ണ്ണ ജൂബിലി ആഘോഷത്തിന്‍റെ പശ്ചാത്തലത്തിലാണ് പ്രവാസികളായ പൂര്‍വ വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മ മെഗാ 2019 സംഘടിപ്പിക്കുന്നത്. വൈകീട്ട് നാല് മുതല്‍ വിദ്യാര്‍ത്ഥി സംഗമമാണ്. ആറരക്ക് സംഗമം ഉദ്ഘാടനം നടക്കും. പൂര്‍വ വിദ്യാര്‍ത്ഥികളുടെ വിനിധ കലാപരിപാടികളും അരങ്ങേറും.