പ്രിയങ്ക ഗാന്ധി ഔപചാരികമായി രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച തീരുമാനം ഇന്നലെ അറിഞ്ഞത് മുതൽ ഗൾഫ് മേഖലയിൽ ഇന്ത്യക്കാരും സ്വദേശികളും ആവേശകരമായ സ്വീകരണമാണ് പ്രകടിപ്പിച്ചത്.
ഗൾഫിന് പ്രിയപ്പെട്ട വ്യക്തിത്വമായിരുന്ന ഇന്ദിരാ ഗാന്ധിയെ അനുസ്മരിപ്പിക്കുന്ന രൂപം പ്രിയങ്കയ്ക്ക് ഏറ്റവും ഗുണകരമായ ഘടകമായി മാറിയിട്ടുണ്ടെന്നാണ് പൊതുവെ വിലയിരുത്തൽ.
ഇന്ത്യയിൽ ബിജെപി യോട് ഒപ്പം നിന്നിരുന്ന ശിവസേന പോലും പ്രിയങ്കയുടെ വരവിനെ കോൺഗ്രസിന്റെ വൻ നേട്ടമായി വിലയിരുത്തിയ സാഹചര്യത്തിൽ, പ്രവാസ ലോകത്തെ കോൺഗ്രസ് അനുഭാവികൾ മെയ് മാസത്തിൽ ഭരണമാറ്റം എന്ന സ്വപ്നത്തിന്റെ വ്യാപ്തി വർധിപ്പിച്ചിട്ടുണ്ട്.
സോഷ്യൽ മീഡിയ മുഴുവൻ ഇന്നലെ പ്രിയങ്ക യുടെ ചിത്രങ്ങൾ നിറഞ്ഞു നിന്നു.
ബിജെപി അനുഭാവികൾ കുടുംബ വാഴ്ചയുടെ തേരോട്ടം എന്ന് ഇകഴ്ത്തുന്നുണ്ടെങ്കിലും ഒരു ശക്തമായ മൽസരം ഗൾഫിലെ ബിജെപി അനുഭാവികളും പ്രതീക്ഷിക്കുന്നുണ്ട്.
ഗൾഫിലെ ഇംഗ്ലീഷ് പത്രങ്ങൾ ഫ്രണ്ട് പേജിൽ വലിയ തലക്കെട്ടോടു കൂടിയാണ് ഇന്ന് പ്രിയങ്ക വാർത്തയെ വരവേറ്റിരിക്കുന്നത്. അടുത്തിടെ യുഎ ഇ സന്ദർശിച്ച രാഹുൽ ഗാന്ധിക്ക് നൽകിയ വാർത്താ പ്രാധാന്യം മറ്റു രാജ്യക്കാർക്കിടയിലും ശ്രദ്ധിക്കപ്പെട്ടിരുന്നു.