വാരണസിയിൽ നടന്ന 15 മത് പ്രവാസി ഭാരതി ദിവസിൽ പ്രവാസികൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്തില്ലായെന്ന് പരാതി. യു എ ഇ യിലെ വിദ്യാലയങ്ങളിലെ പ്രവാസികളായുള്ള അദ്ധ്യാപകർ നേരിടുന്ന പ്രശ്നങ്ങൾ പോലുള്ളവ വളരെ രൂക്ഷമായി നിലനിൽക്കുന്ന സാഹചര്യത്തിലും അത് പ്രവാസി ഭാരതിയ ദിവസിൽ ചർച്ചയായില്ല. ഇതിനെ തുടർന്ന് ദുബായ് കെ എം സി സി നേതാക്കൾ വിദേശകാര്യ മന്ത്രിയെ സന്ദർശിക്കുകയും വിഷയം ധരിപ്പിക്കുകയും ചെയ്തു.
പ്രവാസി സമൂഹത്തെ രൂക്ഷമായി ബാധിക്കുന്ന വിഷയങ്ങളിൽ ഒന്ന് പെട്ടെന്നുണ്ടായ ഇ- മൈഗ്ര ന്റ് പോർട്ടൽ പ്രശ്നം. മറ്റൊന്ന് മൃതശരീരം നാട്ടിലെത്തിക്കുന്നതിനുള്ള ഭാരിച്ച ചിലവ്. പാസ്പോർട്ട് ഓഫീസുകളിൽ ഇ സി ആർ പാസ്പോർട്ട് ഉടമകളെ അനാവശ്യ ചോദ്യചെയ്യലുകൾക്ക് പുറമെയുള്ള തിരിച്ചയക്കലുകൾ. ഇത്തരത്തിൽ സാധാരണക്കാരെ ബാധിക്കുന്ന പ്രശ്നങ്ങൾ ചർച്ചയാവാത്തതിനെ തുടർന്ന് കെ എം സി സി നേതാക്കളായ പി.കെ അൻവർ നഹ, എ സി ഇസ്മായേൽ, അഡ്വ. സാജിദ്, മുഹമ്മദ് കുന്നി എന്നിവർ കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനെ നേരിൽ കാണുകയും പ്രവാസി സമൂഹത്തിലെ പ്രശ്നങ്ങൾ ശ്രദ്ധയിൽ പതിപ്പിക്കുകയും ചെയ്തു. പ്രശ്ന പരിഹാരത്തിന് വേണ്ട നടപടികൾ കൈകൊള്ളാമെന്ന് മന്ത്രി വാക്ക് നൽകിയതായും അൻവർ നഹ ദുബായ് വാർത്തയോട് പറഞ്ഞു.