ഒറ്റത്തവണ 5 ലക്ഷം രൂപ അടച്ചാൽ പ്രവാസികൾക്ക് പ്രതിമാസം പെൻഷൻ ലഭ്യമാക്കുമെന്ന ഗവർണറുടെ നിയമ സഭാ പ്രഖ്യാപനം ഗൾഫിൽ ആവേശത്തോടെ സ്വീകരിക്കപ്പെട്ടു. പതിറ്റാണ്ടുകളായുള്ള ആവശ്യവും ആഗ്രഹവുമാണ് ഇതോടെ സാഫല്യമാകാൻ പോകുന്നത്.
ദശലക്ഷക്കണക്കിനു പ്രവാസികൾക്ക് ഇത് ഗുണം ചെയ്യുമെന്ന് മുഖ്യമന്ത്രിയും പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.
ലോക കേരള സഭ രൂപീകരിച്ചത് തന്നെ ഇങ്ങനെയുള്ള കാര്യങ്ങൾ നടപ്പിലാക്കാനാണെന്നും മുഖ്യമന്ത്രി അറിയിച്ചു.
21ലക്ഷം എവിടുന്നു കിട്ടി?
നിയമ സഭയിൽ ഗവർണർ സംസാരിക്കുമ്പോൾ 21ലക്ഷം മലയാളികൾ ജോലി തേടി വിദേശത്തേക്ക് പോയിട്ടുണ്ടെന്ന് സൂചിപ്പിക്കപ്പെട്ടിരുന്നു. എന്നാൽ എങ്ങനെ കണക്ക് കൂട്ടിയാലും മലയാളികളുടെ എണ്ണം ഗൾഫിൽ തന്നെ ഇതിനേക്കാൾ കൂടുതലാണെന്നു കണക്കുകൾ പറയുന്നു. യൂറോപ് അമേരിക്ക ആഫ്രിക്ക ഓസ്ട്രേലിയ തുടങ്ങിയ മേഖലകളിലും മലയാളികൾ സജീവമായി ഇപ്പോൾ ജോലി ചെയ്യുന്നുണ്ട്.
കൃത്യമായ ഒരു കണക്കെടുപ്പ് ഈ വിഷയത്തിൽ ആവശ്യമാണെന്ന് പൊതുവെ അഭിപ്രായം ഉയർന്നിട്ടുണ്ട്.