ദുബായിലെ പ്രൈവറ്റ് സ്കൂളുകൾക്ക് പഠനസമയം ആഴ്ചയിൽ മൂന്നര ദിവസമാക്കാൻ അനുമതിയായി. താത്പര്യമുള്ള സ്കൂളുകൾക്ക് ഇതിനായി അധികൃതരെ സമീപിക്കാം. ഇപ്പോൾ ആഴ്ചയിൽ അഞ്ചുദിവസമാണ് ക്ലാസ്സുകളുള്ളത്. ആഴ്ചതോറും അധികമായി കിട്ടുന്ന ഒന്നര ദിവസം വിദ്യാർത്ഥികൾക്ക്, രക്ഷിതാക്കളുടേയും സ്കൂളിന്റേയും അനുമതിയോടെ താത്പര്യമുള്ള കോഴ്സുകൾ പഠിക്കുന്നതിനോ, പാഠ്യേതരമായ കാര്യങ്ങൾക്കോ വിനിയോഗിക്കാം.
വരുന്ന ഏപ്രിൽ മുതൽ തങ്ങളുടെ സ്കൂളിലെ ഗ്രേഡ് പതിനൊന്നിലും പന്ത്രണ്ടിലും പുതിയ പരിഷ്കാരം നടപ്പാക്കുകയാണെന്ന് ഇന്ത്യൻ ഹൈസ്കൂൾ ദുബായ് സി.ഇ.ഒ. ഡോ. അശോക് കുമാർ അറിയിച്ചു. ആഴ്ചയിൽ മുപ്പത് മണിക്കൂർ എന്ന സി.ബി.എസ്.ഇ. നിബന്ധന പാലിക്കാനായി, ഈ രണ്ട് ഗ്രേഡുകളിലേയും പഠനസമയം രാവിലെ ഏഴര മുതൽ ഉച്ചക്ക് മൂന്നര വരെയാക്കി പുതുക്കിയിട്ടുണ്ട്.
റിപ്പോർട്ട് തയ്യാറാക്കിയത്: പ്രശാന്ത് ബാലചന്ദ്രൻ