അജ്മാനിൽ തൊഴിലാളികൾ സഞ്ചരിക്കുന്ന ബസുകളിൽ സൗജന്യ വൈഫൈയും ടെലിവിഷൻ സ്ക്രീനുകളും ഒരുക്കി കമ്പനി. യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന വേൾഡ് സ്റ്റാർ ഹോൾഡിങ്ങ് എന്ന പ്രമുഖ കമ്പനിയാണ് മാത്യകപരമായ മാറ്റത്തിന് തുടക്കമിട്ടിരിക്കുന്നത്.
കെട്ടിടനിർമാണ സൈറ്റുകളിലേക്കും തിരിച്ചുമുള്ള യാത്രക്കിടയിൽ ലഭിക്കുന്ന സമയം ബസ്സിലിരുന്ന് കുടുംബങ്ങളുമായി വീഡിയോകോളിലൂടെ ബന്ധപ്പെടുവാനും ടെലിവിഷൻ സ്ക്രീനുകളിൽ പ്രദർശിപ്പിക്കുന്ന മ്യൂസിക് വീഡിയോകൾ ആസ്വദിച്ച് മനസ്സിനെ ശാന്തമാക്കുന്നതിലൂടെ ഏറ്റവും മികച്ച തൊഴിലാളികളാക്കി അവരെ മാറ്റിയെടുക്കാൻ കഴിയുമെന്നും മാനേജ്മന്റ് വ്യക്തമാക്കി. ജോലിത്തിരക്ക് കാരണം പലപ്പോഴും പ്രിയപ്പെട്ടവരെ ബന്ധപ്പെടാനുള്ള സമയം ലഭിക്കുന്നില്ല എന്ന പരാതിക്കാണ് ഇതിലൂടെ പരിഹാരമാകുന്നത്.
പുതിയ ഡിജിറ്റൽ ലോകത്ത് തൊഴിലാളികളുടെ കലാപരമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുക എന്നതും പദ്ധതിയിലൂടെ ലക്ഷ്യം വെക്കുന്നുണ്ടെന്ന് അജ്മാനിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ വേൾഡ് സ്റ്റാർ ഹോൾഡിങ് മാനേജിങ് ഡയറക്ടർ ഹസീന നിഷാദ് പറഞ്ഞു.
ആദ്യ ഘട്ടത്തിൽ എയർ കണ്ടീഷൻ ചെയ്ത 6 പുതിയ ഹൈടെക് ലേബർ ബസുകളാണ് കമ്പനി പുറത്തിറക്കിയത്. അയ്യായിരത്തോളം തൊഴിലാളികളുള്ള കമ്പനിയുടെ മുഴുവൻ ബസുകളിലും 2025 ഓടെ ഈ സംവിധാനം ഒരുക്കാൻ സാധിക്കുമെന്ന് വേൾഡ് സ്റ്റാർ ഹോൾഡിങ് ചെയർമാൻ നിഷാദ് ഹുസൈൻ പറഞ്ഞു. നിലവിൽ തൊഴിലാളികൾക്ക് മാത്രമായി ഇരുന്നൂറോളം ബസുകളാണ് യുഎയിൽ സർവീസ് നടത്തുന്നത്.
തൊഴിലാളികൾക്ക് മികച്ച പരിശീലനവും ക്ലാസുകളും നൽകുവാൻ ആധുനിക സൗകര്യങ്ങളോടെ ഷാർജ സജയിൽ വിശാലമായ സൗകര്യം ഒരുക്കിയ വേൾഡ് സ്റ്റാർ ഹോൾഡിങ്, കെട്ടിട നിര്മാണ സൈറ്റുകളിൽ എത്തിച്ചേരുന്നതിനു മുൻപ് ഹൈടെക് ബസുകളിൽ ജോലിസ്ഥലത്ത് പാലിക്കേണ്ട സുരക്ഷാ ബോധവൽക്കരണ വീഡിയോകളും പ്രദർശിപ്പിക്കും. ഇതിലൂടെ തൊഴിലാളികളെ കൂടുതൽ സുരക്ഷിതമാക്കാനും സാധിക്കുമെന്ന് കമ്പനി മാനേജർ ഷാജഹാൻ ഇബ്രാഹിം പറഞ്ഞു.