ഇറ്റലിയിൽ നിന്ന് പഞ്ചാബിലെ അമൃത്സറിൽ 125 യാത്രക്കാർ കൊവിഡ്-19 സ്ഥിരീകരിച്ചു. വിമാനത്താവളത്തിൽ വെച്ച് നടത്തിയ പരിശോധനയിലാണ് കൊവിഡ്-19 സ്ഥിരീകരിച്ചിരിക്കുന്നത്. ഇത്രയുമധികം യാത്രക്കാർ ഒന്നിച്ച് കൊവിഡ് പോസിറ്റിവായത് ആശങ്ക ഉയർത്തുന്നതാണ്.
ബുധനാഴ്ച ഉച്ചക്ക് 1.30ന് പോര്‍ച്ചുഗീസ് കമ്പനിയായ യൂറോ അറ്റ്‌ലാന്റിക് വിമാനത്തില്‍ എത്തിയവര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 179 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. 160 യാത്രക്കാരെ ആര്‍ടിപിസിആര്‍ ടെസ്റ്റിന് വിധേയമാക്കിയപ്പോള്‍ 125 പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. കേന്ദ്ര ആരോഗ്യമന്ത്രാലയം റിസ്‌ക് കാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയ രാജ്യമാണ് ഇറ്റലി. നേരത്തെ വിമാനം എയര്‍ ഇന്ത്യയുടേതാണെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ വൈയു-661 എന്ന വിമാനം എയര്‍ ഇന്ത്യയുടേതല്ലെന്നും ചാര്‍ട്ടേഡ് വിമാനമാണെന്നും അമൃത്സര്‍ എയര്‍പോര്‍ട്ട് ഡയറക്ടര്‍ വികെ സേഥ് അറിയിച്ചു. എയര്‍ ഇന്ത്യ റോമില്‍ നിന്ന് വിമാന സര്‍വീസ് നടത്തുന്നില്ലെന്നും മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത തെറ്റാണെന്നും എയര്‍ ഇന്ത്യയും അറിയിച്ചു.
അതേസമയം ഒമിക്രോൺ ബാധയാണോയെന്ന് വ്യക്തമായിട്ടില്ല. ഇതിനായി പരിശോധന നടത്തും. അതേസമയം രാജ്യത്ത് സമീപ ദിവസങ്ങളിൽ കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിൽ ഗണ്യമായ വർധനവാണ് ഉണ്ടായിരിക്കുന്നത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം ഒരു ലക്ഷത്തോളം കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്ത്. 325 മരണങ്ങൾക്ക് ഒപ്പമാണ് കഴിഞ്ഞ ദിവസം മാത്രം 90,928 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തത്. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റും ഉയരുകയാണ്. 6.43 ആണ് നിലവിലെ പോസ്റ്റിവിറ്റി റേറ്റ്. ഒമിക്രോൺ കേസുകളിലും വലിയ വർധനയാണ് രാജ്യത്ത് രേഖപ്പെടുത്തുന്നത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് വ്യാഴാഴ്ച ഇന്ത്യയിലെ ഒമിക്റോൺ ബാധിതരുടെ എണ്ണം 2,630 ആയി. മഹാരാഷ്ട്ര (797) ഒന്നാം സ്ഥാനത്തും ഡൽഹി (465), രാജസ്ഥാൻ (236), കേരളം (234) എന്നിങ്ങനെയാണ്. കർണാടകയിലും ഗുജറാത്തിലും യഥാക്രമം 226, 204 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.