ഇന്ന് തിങ്കളാഴ്ച രാവിലെ അബുദാബിയിലെ മുസഫയിൽ ഡ്രോൺ ആക്രമണത്തിന്റെ ഭാഗമായെന്ന് സംശയിക്കപ്പെടുന്ന മൂന്ന് പെട്രോളിയം ടാങ്കറുകളിൽ ഉണ്ടായ സ്‌ഫോടനത്തിൽ 2 ഇന്ത്യക്കാരടക്കം 3 പേർ മരിക്കുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മരിച്ചവരിൽ രണ്ട് ഇന്ത്യക്കാരും ഒരു പാക്കിസ്ഥാനിയും ഉൾപ്പെട്ടിട്ടുണ്ടെന്ന് അബുദാബി പോലീസ് അറിയിച്ചു.
ADNOC യുടെ സംഭരണ സ്ഥലത്തിനടുത്തുള്ള ICAD 3 ലെ ടാങ്കറുകളിലാണ് സ്ഫോടനം ഉണ്ടായത്.
പിന്നീട് അബുദാബി രാജ്യാന്തര വിമാനത്താവളത്തിന്റെ പുതിയ നിർമാണ മേഖലയിൽ വീണ്ടും ചെറിയ തോതിൽ തീപിടിത്തമുണ്ടായി. രണ്ട് തീപിടിത്തങ്ങൾക്കും കാരണം ഡ്രോണുകളാകാം എന്നാണ് പ്രാഥമികാന്വേഷണം. തീ പടരുന്നതിന് തൊട്ടുമുമ്പ് പറക്കുന്ന വസ്തുക്കൾ രണ്ട് പ്രദേശങ്ങളിലും വീണതായി ദൃക്‌സാക്ഷികളെ ഉദ്ധരിച്ചുകൊണ്ട് അബുദാബി പോലീസ് പറഞ്ഞു.
തീ ഇപ്പോൾ നിയന്ത്രണവിധേയമായതായി പോലീസ് കൂട്ടിച്ചേർത്തു. കാര്യമായ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. തീപിടിത്തത്തിന്റെ കാരണവും അതിലേക്ക് നയിച്ച സാഹചര്യവും കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാൽ ഇന്ത്യയിലെ എവിടെ നിന്നുള്ളവർക്കാണ് ജീവഹാനി സംഭവിച്ചിട്ടുള്ളതെന്നുള്ള വിവരം അധികൃതർ പുറത്ത് വിട്ടിട്ടില്ല.
യമനിലെ ഹൂത്തി കലാപകാരികൾ ചെങ്കടലിൽ യു എ ഇ ഫ്ലാഗ് പതിപ്പിച്ച സിവിലിയൻ കാർഗോ കപ്പലിന് നേരെ നടത്തിയ ആക്രമണത്തെ യു എ ഇ കഴിഞ്ഞ ദിവസം ശക്തമായി അപലപിച്ചിരുന്നു. മാത്രമല്ല സൗദി അറേബ്യയ്ക്ക് മേൽ ഹൂത്തികൾ നടത്തുന്ന ഡ്രോൺ ആക്രമണത്തെയും യു എ ഇ അപലപിച്ചിരുന്നു.