ദുബായിൽ ജെബിആറിലെ ബാൽക്കണിയിൽ നിന്ന് എറിഞ്ഞ ഗ്ലാസ് ബോട്ടിൽ തലയിൽ തട്ടി ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒമാനി യുവാവ് 10 ദിവസത്തിന് ശേഷം ഐസിയുവിൽ വെച്ച് മരണപ്പെട്ടു. ഒമാനിലെ വടക്കൻ ആഷ്-ഷർഖിയ്യ മേഖലയിലെ ജലാൻ ബാനി ബു ഹസ്സൻ പ്രവിശ്യയിൽ നിന്നുള്ള സുലൈമാൻ ബിൻ ഇബ്രാഹിം അൽ ബ്ലൂഷിയാണ് മരണപ്പെട്ടത്.
അദ്ദേഹത്തെ ഉടൻ തന്നെ ദുബായിലെ മെഡിക്ലിനിക് പാർക്ക് വ്യൂ ഹോസ്പിറ്റലിലെ ഐസിയുവിലേക്ക് കൊണ്ടുപോയെങ്കിലും അവിടെ അദ്ദേഹം കോമയിലേക്ക് പോകുകയും 10 ദിവസത്തിന് ശേഷം മരിച്ചതായി സ്ഥിരീകരിക്കുകയുമായിരുന്നു.
ക്രിമിനൽ ഡാറ്റ അനാലിസിസ് സെന്ററിൽ ലഭ്യമായ ഏറ്റവും പുതിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ ഉപയോഗിച്ച് കുപ്പി എറിഞ്ഞ ഏഷ്യക്കാരനെ ദുബായ് പോലീസ് കണ്ടെത്തി അറസ്റ്റ് ചെയ്തിരുന്നു. തുടർന്നുള്ള നിയമനടപടികൾക്കായി കുറ്റവാളിയെ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തിട്ടുണ്ട്.
അൽ ബ്ലൂഷിയുടെ ബന്ധുക്കൾ മരണവാർത്ത ട്വിറ്ററിൽ പോസ്റ്റ് ചെയ്തതിന് പിന്നാലെ അനുശോചന പ്രവാഹമാണ്.