കോവിഡിന്റെ ഒമിക്രോണ്‍ വകഭേദം ഇന്ത്യയില്‍ സമൂഹ വ്യാപന ഘട്ടത്തിലാണെന്നും മെട്രോ നഗരങ്ങളില്‍ ഇത് പ്രബലമാണെന്നും ഇന്‍സാകോഗിന്റെ ഏറ്റവും പുതിയ ബുള്ളറ്റിന് വ്യക്തമാക്കുന്നു. വിവിധ സംസ്ഥാനങ്ങളില്‍നിന്ന് വൈറസ് സാംപിളുകള്‍ ശേഖരിച്ച് അവയുടെ ജനിതക പ്രവര്‍ത്തനങ്ങളെക്കുറിച്ച് പഠിക്കാന്‍ രൂപവത്കരിച്ച പത്ത് ദേശീയ ലബോറട്ടറികളുടെ കണ്‍സോര്‍ഷ്യമാമാണ് ഇന്‍സാകോഗ് (INSACOG-ഇന്ത്യന്‍ സാര്‍സ് കോ വി-2 കണ്‍സോര്‍ഷ്യം ഓഫ് ജീനോമിക്സ്).
ഒമിക്രോണിന്റെ സാംക്രമിക ഉപ വകഭേദമായ BA.2 ലൈനേജ് രാജ്യത്ത് ഗണ്യമായി കണ്ടെത്തിയിട്ടുണ്ടെന്നും ബുള്ളറ്റിന് പറയുന്നു. ‘ഭൂരിഭാഗം ഒമിക്രോണ്‍ കേസുകളും രോഗലക്ഷണങ്ങള്‍ ഇല്ലാത്തതോ സൗമ്യമായതോ ആണെങ്കിലും ഈ ഘട്ടത്തില്‍ ആശുപത്രി പ്രവേശനവും ഐസിയു കേസുകളും വര്‍ധിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. അതേ സമയം ഒമിക്രോണിന്റെ ഭീഷണയില്‍ മാറ്റമൊന്നും ഇതുവരെ പ്രകടമല്ലെന്നും വ്യക്തമാക്കുന്നുണ്ട്.