യു എ ഇ യിൽ പത്തു കോടി കണ്ടൽ ചെടികൾ നട്ടുപിടിപ്പിച്ച് മരുഭൂമിയെ കൂടുതൽ ഹരിതാഭമാക്കാനുള്ള പദ്ധതിക്ക് തുടക്കമായി. വിവിധ എമിറേറ്റുകളിലെ പദ്ധതികളിലൂടെ 8 വർഷത്തിനകം ലക്ഷ്യം നിറവേറും.
നിലവിലുള്ള കണ്ടൽകാടുകൾക്ക് പുറമെയാണ് പുതിയ ഹരിതവൽക്കരണ പദ്ധതികൾ. രാജ്യത്തിന്റെ ഹരിതവത്ക്കരണത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച അബുദാബിയിലെ ജുബൈൽ ഐലൻഡ് ഇൻവെസ്റ്റ്‌മെന്റ് കമ്പനി ദ്വീപിൽ 10 വർഷത്തിനകം 10 ലക്ഷം കണ്ടൽ മരങ്ങൾ നടുമെന്ന് പ്രഖ്യാപിച്ചു.
ഒരു കോടി ദിർഹമാണ് ഇതിനു ചെലവ് കണക്കാക്കുന്നത്. ഇതിന്റെ ഭാഗമായി 3.5 ലക്ഷം തൈകൾ നട്ടു. കൂടാതെ 5 വർഷത്തിനകം 1.82 ലക്ഷം കണ്ടൽ ചെടികൾ കൂടി നട്ടുപിടിപ്പിക്കാൻ ഇത്തിഹാദ് എയർവേയ്‌സുമായി കമ്പനി ധാരണയായി. ദ്വീപിന്റെ ജൈവവൈവിധ്യം സംരക്ഷിക്കുന്നതിന് ഇതിലൂടെ സാധിക്കുമെന്ന് കമ്പനി അറിയിച്ചു. വന്യജീവികൾക്ക് സുരക്ഷിത ആവാസ വ്യവസ്തയൊരുക്കുന്നതോടൊപ്പം കാർബൺ മലിനീകരണം കുറച്ച് ശുദ്ധവായു ഉറപ്പാക്കാനും ഇതുവഴി സാധിക്കും. ജലപാതകളിലും തീരങ്ങളിലും മണ്ണൊലിപ്പും മലിനീകരണവും കുറയ്ക്കാനും കഴിയും.
നിലവിൽ യുഎഇയിൽ 4000 ഹെക്ടർ സ്ഥലത്ത് കണ്ടൽകാടുകളുണ്ട്. ഇതിൽ 2500 ഹെക്ടറും അബുദാബിയിലാണ്.