സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വിമാന കമ്പനിയായ എയര്‍ ഇന്ത്യയെ കേന്ദ്രസര്‍ക്കാര്‍ ഔദ്യോഗികമായി ടാറ്റ ഗ്രൂപ്പിന് കൈമാറി. എയര്‍ ഇന്ത്യയുടെ 100 ശതമാനം ഹരിയും ടാറ്റയ്ക്ക് കൈമാറി നടപടികള്‍ പൂര്‍ത്തിയാക്കിയതായി കേന്ദ്രം അറിയിച്ചു. ഇതോടെ ഐതിഹാസികമായ ‘മഹാരാജ’ എയര്‍ലൈനിന്റെ പൂര്‍ണനിയന്ത്രണം ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തു.
ഔദ്യോഗിക കൈമാറ്റത്തിന് മുന്നോടിയായി വ്യാഴാഴ്ച ഉച്ചയോടെ ടാറ്റ സണ്‍സ് ചെയര്മാന് എന്‍ ചന്ദ്രശേഖര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനുപിന്നാലെ എയര്‍ ഇന്ത്യയിലെ നിലവിലെ ബോര്‍ഡ് അംഗങ്ങള്‍ രാജിവച്ച് ടാറ്റയുടെ പുതിയ ബോര്‍ഡ് അംഗങ്ങള്‍ ചുമതലയേറ്റു. ഇതോടെ എയര്‍ ഇന്ത്യ സ്വകാര്യ മേഖലയിലെ വിമാന സര്‍വീസായി മാറി.