ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമുമായും
ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദുമായും കൂടിക്കാഴ്ച നടത്തി. രാജകീയ പരിഗണനയാണ് ഫുട്ബോൾ ഇതിഹാസത്തിന് ദുബായ് നൽകിയിരിക്കുന്നത്.
കുറച്ച് ദിവസങ്ങളായി റൊണാൾഡോ ദുബായിലുണ്ട്, ബീച്ചിൽ സമയം ചിലവഴിക്കുകയും നാദ് അൽ ഷെബ സ്‌പോർട്‌സ് കോംപ്ലക്‌സിൽ പരിശീലനം നടത്തുകയും ചെയ്തുകൊണ്ട് ചൂടുള്ള കാലാവസ്ഥ പരമാവധി പ്രയോജനപ്പെടുത്തുകയാണ്. ഷെയ്ഖ് ഹംദാന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറികളിൽ റൊണാൾഡോയും മകൻ ക്രിസ്റ്റ്യാനോ റൊണാൾഡോ ജൂനിയറും ഉണ്ടായിരുന്നു. ദുബായിൽ എത്തിയതിന് ശേഷം, മാഞ്ചസ്റ്റർ യുണൈറ്റഡ് താരം താനും കുടുംബവും എമിറേറ്റിൽ അവധിക്കാലം ആസ്വദിക്കുന്നതിന്റെയും ബീച്ചിൽ സമയം ചെലവഴിക്കുന്നതിന്റെയും നിരവധി ഷോട്ടുകളും പോസ്റ്റ് ചെയ്തിട്ടുണ്ട്.
നാളെ ജനുവരി 28 വെള്ളിയാഴ്ച റൊണാൾഡോ എക്‌സ്‌പോ 2020 ദുബായ് സന്ദർശിക്കാനും ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ഉച്ചകഴിഞ്ഞ് 3 മണിക്ക് അൽ വാസൽ പ്ലാസയിൽ ഉണ്ടായിരിക്കുമെന്ന് എക്‌സ്‌പോ 2020 ദുബൈയുടെ ട്വിറ്ററിലെ അറിയിപ്പിൽ പറയുന്നു.