അജ്മാനില്‍ നിന്ന് സൗദിയിലേക്ക് ബസ് സര്‍വീസുകൾ തുടങ്ങി അജ്മാന് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി.
അജ്മാനില്‍നിന്ന് പുറപ്പെട്ട് സൗദി നഗരങ്ങളായ ദമ്മാം, റിയാദ്, ജിദ്ദ എന്നിവയെ ബന്ധിപ്പിക്കുന്ന ബസ് സര്‍വീസിനാണ് ഇപ്പോള്‍ ആരംഭം കുറിച്ചിരിക്കുന്നത്. അജ്മാന് അൽ തല്ല ബസ് സ്റ്റേഷനില്‍നിന്നാണ് സൗദി പൊതുഗതാഗത കമ്പനിയായ സാപ്റ്റ്കോയുടെ ബസ് പുറപ്പെടുന്നത്. മൂന്ന് ബസുകളാണ് ഇതിനായി ഒരുക്കിയിരിക്കുന്നത്.
യു എ ഇ – സൗദി അതിർത്തിയിലേക്ക് 6 മണിക്കൂർ കൊണ്ട് എത്തിച്ചേരുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. റിയാദ്, ദമാം എന്നിവടങ്ങളിലേക്ക് 12 മണിക്കൂറും ജിദ്ദ, മക്ക നഗരങ്ങളിലേക്ക് 24 മണിക്കൂറും സമയമെടുക്കും. കോവിഡ് നിയന്ത്രണങ്ങൾ ഉള്ളതിനാൽ ഒരു ബസിൽ 24 യാത്രക്കാരെ മാത്രമേ യാത്ര ചെയ്യാൻ അനുവദിക്കൂ. ബസില്‍ യാത്ര ചെയ്യാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് സൗദി വിസയുണ്ടായിരിക്കണമെന്നും 2 ഡോസ് വാക്സിനേഷൻ പൂർത്തിയാക്കിയിരിക്കണമെന്നും യാത്ര പുറപ്പെടുന്നതിനുമുമ്പ് നടത്തിയ പി.സി.ആര് ടെസ്റ്റില്‍ നെഗറ്റിവ് ആയിരിക്കുകയും വേണം. 250 മുതൽ 600 ദിർഹം വരെയാണ് ടിക്കറ്റ് നിരക്ക്.
ആദ്യദിവസത്തിൽ തന്നെ യു എ ഇ – സൗദി ബസ് സർവീസിന് മികച്ച പ്രതികരണം തന്നെ ലഭിച്ചതായി അജ്മാന് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി അധികൃതർ അറിയിച്ചു.