ഇസ്ലാമിക് സ്റ്റേറ്റ് തലവൻ അബു ഇബ്രാഹിം അല്‍-ഹാഷ്മി അല്‍-ഖുറേഷിയെ വധിച്ചതായി അമേരിക്ക. സിറിയയിൽ നടത്തിയ സൈനിക നീക്കത്തിലൂടെയാണ് ഐഎസ് തലവനെ വധിച്ചതെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ട്വീറ്റ് ചെയ്തു. പ്രത്യേക ദൗത്യത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ജനങ്ങളെ അഭിസംബോധന ചെയ്ത് അറിയിക്കുമെന്ന് പ്രസിഡന്റ് വ്യക്തമാക്കി.
“ഇന്നലെ രാത്രി എന്റെ നിര്‍ദ്ദേശ പ്രകാരം സിറിയയുടെ വടക്കു പടിഞ്ഞാറൻ മേഖലയിൽ ഒരു ഭീകര വിരുദ്ധ പ്രവര്‍ത്തനം നടത്തി. അമേരിക്കൻ ജനതയേയും നമ്മുടെ സഖ്യകക്ഷികളേയും സംരക്ഷിക്കുന്നതിനും ലോകത്തെ സുരക്ഷിതമായ ഒരു ഇടമാക്കി മാറ്റുന്നതിനുമാണിത്. നമ്മുടെ സായുധ സേനയുടെ വൈദഗ്ദ്ധ്യത്തിനും ധീരതയ്ക്കും നന്ദി. യുദ്ധക്കളത്തിൽ നിന്നും ഐഎസ് തലവനായ അബു ഇബ്രാഹിം അല്‍-ഹാഷ്മി അല്‍-ഖുറൈഷിയെ നീക്കം ചെയ്തു. ഓപ്പറേഷനു ശേഷം എല്ലാ അമേരിക്കക്കാരും സുരക്ഷിതരായി മടങ്ങി. ഇന്നു രാവിലെ ഞാൻ അമേരിക്കൻ ജനതയെ അഭിസംബോധന ചെയ്യും. ദൈവം നമ്മുടെ സൈന്യത്തെ സംരക്ഷിക്കട്ടെ.” എന്നാണ് വൈറ്റ് ഹൗസിന്റെ വെബ്സൈറ്റിൽ ബൈഡന്റ് സന്ദേശം പ്രസിദ്ധീകരിച്ചിരിക്കുന്നത്.