കോവിഡ് മഹാമാരിയുടെ പ്രതിസന്ധിയെതുടർന്ന് ആറ് ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള 7 ലക്ഷത്തിൽ അധികം ഇന്ത്യൻ തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങിയെത്തിയതായി ഇന്ത്യൻ സർക്കാരിന്റെ ഡാറ്റ വ്യക്‌തമാക്കുന്നതായി വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ അറിയിച്ചു. 6 ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നായി 7,16,662 ഇന്ത്യക്കാരാണ് വന്ദേഭാരത് മിഷന്‍ പ്രകാരം തിരികെവന്നതെന്നും രാജ്യസഭയില്‍ എം.വി. ശ്രേയാംസ് കുമാര്‍ എളമരം കരീം, അല്‍ഫോണ്‍സ് കണ്ണന്താനം, ബിനോയ് വിശ്വം എന്നിവരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി മന്ത്രി എസ്. ജയശങ്കര്‍ വ്യക്തമാക്കി.
കോവിഡ് കാലത്ത് കൂടുതല്‍ പേര്‍ തിരികെവന്നത് യുഎഇയിൽ നിന്നാണെന്ന് എം.വി. ശ്രേയാംസ് കുമാറിന്റെ ചോദ്യത്തിന് രേഖാമൂലം നല്‍കിയ മറുപടിയില്‍ മന്ത്രി പറഞ്ഞു. 3,30,058 പേരാണ് യുഎഇയില്‍ നിന്ന് തിരിച്ചെത്തിയത്.
സൗദി അറേബ്യയിൽ നിന്ന് 1,37,900 പേരും, കുവൈത്തിൽ നിന്ന് 97,802 പേരും, ഒമാനിൽ നിന്ന് 72,259 പേരും, ഖത്തറിൽ നിന്ന് 51,190 പേരും, ബഹ്റൈന്‍ നിന്ന് 27,453 പേരുമാണ് തിരിച്ചെത്തിയത്.
ഇവരെയെല്ലാം തിരികെയെത്തിച്ച് ജോലിയില്‍ പ്രവേശിപ്പിക്കാന്‍ കേന്ദ്രം പരമാവധി ഇടപെടന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. തിരികെവന്നവരെ ജോലിയില്‍ പ്രവേശിപ്പിക്കുന്ന വിഷയവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി 16 തവണ ഗള്‍ഫ് രാജ്യങ്ങളിലെ ഭരണാധികാരികളുമായി ഫോണില്‍ സംസാരിച്ചു. താന്‍ 13 പ്രാവശ്യവും സഹമന്ത്രി വി. മുരളീധരന്‍ നാലുപ്രാവശ്യവും ഗള്‍ഫുനാടുകള്‍ സന്ദര്‍ശിച്ചു. ഉദ്യോഗസ്ഥരുമായി 27 തവണ ടെലിഫോണ്‍വഴി യോഗം നടത്തി.കഴിയുന്നത്ര ആളുകളെ ഉടന്‍തന്നെ തിരിച്ചയക്കാനാണ് ശ്രമിക്കുന്നത്. തൊഴിലാളികളുടെ കാര്യം ഗള്‍ഫിലെ എല്ലാ എംബസികളും മുന്തിയ പരിഗണനയോടെയാണ് കൈകാര്യം ചെയ്യുന്നത്. ദുബായില്‍ തൊഴിലാളികളുടെ വൈദഗ്ധ്യം മെച്ചപ്പെടുത്താനുള്ള കേന്ദ്രം ആരംഭിച്ചിട്ടുണ്ട്.
എയര്‍ ബബിൾ വിമാനസര്‍വീസുകള്‍ ആരംഭിക്കാനും വിസ, യാത്ര, ആരോഗ്യം എന്നിവയുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ ലഘൂകരിക്കാനും ഇന്ത്യ സമ്മര്‍ദം ചെലുത്തിയിരുന്നു. ഗള്‍ഫിലെ എല്ലാ രാജ്യങ്ങളും ഇതിനോടനുകൂലമായി പ്രതികരിക്കുന്നുണ്ട്. തിരിച്ചുപോകുന്നവരുടെ എണ്ണം ക്രമേണ കൂടിവരുന്നുണ്ട്.
തിരിച്ചുവന്നവര്‍ക്ക് ശമ്പള കുടിശ്ശികയും മറ്റുമായി എത്ര തുക ലഭിക്കാനുണ്ടെന്നതിന്റെ കൃത്യമായ കണക്ക് ലഭ്യമല്ല. അവരുടെ ക്ഷേമത്തിനും വീണ്ടും തൊഴിലും വേതനവും ഉറപ്പാക്കാനും പരമാവധി ശ്രമിക്കുന്നുണ്ട്. 45.78 കോടിരൂപ ഇന്ത്യന്‍ കമ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ടില്‍നിന്ന് കോവിഡ് കാലത്ത് ഗള്‍ഫിലുള്ള തൊഴിലാളികള്‍ക്കായി ചെലവഴിച്ചിട്ടുണ്ട്. മരിച്ചവര്‍ക്ക് സഹായം നല്‍കാനും ഈ ഫണ്ടില്‍ വ്യവസ്ഥയുണ്ട്.
ഗള്‍ഫ് രാജ്യങ്ങളിലെ എംബസികളില്‍ മലയാളം അറിയുന്നവരെ നിയമിക്കണമെന്ന ആവശ്യം സംബന്ധിച്ച് മലയാളം കൈകാര്യംചെയ്യുന്ന കുറച്ചു ജീവനക്കാര്‍ ചിലയിടങ്ങളിലെങ്കിലും ഉണ്ടാകുമെന്ന് മന്ത്രി വിശദീകരിച്ചു. ഗള്‍ഫില്‍ കൂടുതലുള്ളത് മലയാളികളാണെങ്കിലും മറ്റു സംസ്ഥാനക്കാരായ തൊഴിലാളികളും ഒട്ടേറെയുണ്ട്. ജീവനക്കാരില്‍ ആര്‍ക്കൊക്കെ ഏതൊക്കെ ഭാഷ കൈകാര്യം ചെയ്യാനാവുമെന്നതിനെക്കുറിച്ച് വ്യക്തമായ വിവരമില്ല.