ലോകം മുഴുവൻ ശ്രദ്ധ നേടിയ സാഹസികമായ രക്ഷാശ്രമം സങ്കടകരമായ അന്ത്യത്തിൽ. മൊറോക്കോയിൽ ഒരു വിദൂര ഗ്രാമ പ്രദേശത്തെ കിണർകുഴിയിൽ 100 അടി താഴ്ചയിലേക്ക് വീണുപോയ 5 വയസ്സുകാരൻ റയാൻ 5 ദിവസത്തെ വൻ പ്രയത്നത്തിന് ശേഷം അബോധാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ശേഷം മരണമടഞ്ഞു. ഒരു രാജ്യം മുഴുവനും സൈനിക ശക്തിയും മറ്റ് രക്ഷാ സേനയും ഗ്രാമീണരും അതി കഠിനമായി പരിശ്രമിച്ച ശേഷമാണ് കുഞ്ഞു റയാനെ കിണറിൽ നിന്ന് വീണ്ടെടുക്കാൻ കഴിഞ്ഞത്.
കളിച്ചുകൊണ്ടിരിക്കവേ കുഴിയിലേക്ക് വീണ ബാലൻ അപകടപ്പെട്ടെന്ന് അറിയുന്നത് തന്നെ , കാണാതായി മണിക്കൂറുകൾ കഴിഞ്ഞ് കുഴിയിൽ നിന്ന് ഞരക്കം കേട്ടശേഷം മാത്രമായിരുന്നു. മലകൾ തുരന്ന് പ്രത്യേകം തുരങ്കം നിർമിച്ചായിരുന്നു രക്ഷാ പ്രവർത്തനം. നിർമാണത്തിനിടെ മുകൾ ഭാഗത്തെ മല ഇടിഞ്ഞു വീഴാതിരിക്കാൻ കോൺക്രീറ്റ് കവചവും തീർത്തു.
കുഞ്ഞിന് ആശ്വാസമാകും എന്നു കരുതി കുഴിയിലേക്ക് ടോർച്ച് കത്തിച്ച മൊബൈൽ ഫോണും വെള്ളവും ബിസ്ക്കറ്റും ഒക്കെ കൊടുത്തുനോക്കിയിരുന്നു. ഒടുവിൽ അഞ്ചാം ദിവസമായ ശനിയാഴ്ച്ച feb5 രാത്രി യുഎ ഇ സമയം 12 മണിയോടെ അബോധാവസ്ഥയിൽ കുഞ്ഞിനെ പുറത്തെടുത്ത് ആശുപത്രിയിലേക്ക് കൊണ്ടുപോയി. തുടർന്ന് 2 മണിക്കൂറിനുള്ളിൽ കുഞ്ഞ് മരിച്ചതായി പ്രഖ്യാപിക്കപ്പെട്ടു. മൊറോക്കോ രാജാവ് മുഹമ്മദ് ആറാമൻ കുട്ടിയുടെ പിതാവിനെ ഫോണിൽ വിളിച്ച് ദുഃഖത്തിൽ പങ്കുചേർന്നു.
മൊറോക്കോ മുഴുവനും നിരാശയിലായ ഈ ദുഃഖത്തിൽ ഒന്നുചേർന്നുകൊണ്ട് ദുബായ് ഭരണാധികാരി ഹിസ് ഹൈനെസ്സ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സോഷ്യൽ മീഡിയയിലൂടെ അനുശോചനം അറിയിച്ചു.