അബുദാബിയിൽ ഹംദാൻ സ്ട്രീറ്റിലെ ഒരു കെട്ടിടത്തിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ തീപിടിത്തം അബുദാബി സിവിൽ ഡിഫൻസ് ടീമുകൾ നിയന്ത്രിച്ചുവെന്ന് ബുധനാഴ്ച പുലർച്ചെ വാം റിപ്പോർട്ട് ചെയ്തു.
തീ അണയ്ക്കുകയും താമസക്കാരെ സുരക്ഷിതമായി ഒഴിപ്പിക്കുകയും ചെയ്ത ശേഷമാണ് സിവിൽ ഡിഫൻസ് സംഘങ്ങൾ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയത്. തീപിടുത്തത്തിൽ ആളപായം ഉണ്ടായിട്ടില്ല. കേടുപാടുകൾ കുറയ്ക്കുന്നതിനുള്ള ശീതീകരണ നടപടിക്രമങ്ങൾ നിലവിൽ നടക്കുകയാണ്
ഹംദാൻ സ്ട്രീറ്റിലെ കെട്ടിടത്തിൽ തീപിടിത്തമുണ്ടായതായി ബുധനാഴ്ച പുലർച്ചെ 12.09 ന് അതോറിറ്റിയുടെ ഓപ്പറേഷൻസ് റൂമിൽ റിപ്പോർട്ട് ലഭിച്ചതിനെത്തുടർന്ന് സിവിൽ ഡിഫൻസ് ടീമുകൾ സ്ഥലത്തെത്തി തീ അണച്ചു. ബന്ധപ്പെട്ട എല്ലാ ടീമുകളും സാഹചര്യം കൈകാര്യം ചെയ്യുന്നുണ്ടെന്നും യുഎഇയുടെ ഔദ്യോഗിക അധികാരികളിൽ നിന്നുള്ള വാർത്തകൾ പിന്തുടരാനും കിംവദന്തികളും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കുന്നത് ഒഴിവാക്കാനും പൊതുജനങ്ങളോട് അഭ്യർത്ഥിച്ചതായും അതോറിറ്റി സ്ഥിരീകരിച്ചു.