സൗദിയിൽനിന്ന് ഇന്ത്യയിലേക്ക് വരുന്നവർക്ക് ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമില്ല. ഫെബ്രുവരി 14 മുതൽ പുതുക്കിയ നിബന്ധന പ്രാബല്യത്തിൽ വരും. ആർ.ടി.പി.സി.ആർ ടെസ്റ്റിന് പകരം വാക്‌സിൻ സർട്ടിഫിക്കറ്റ് നൽകിയാൽ മതി. സൗദിക്ക് പുറമെ, ഖത്തർ, ബഹ്‌റൈൻ എന്നീ രാജ്യങ്ങളിൽനിന്ന് ഇന്ത്യയിലേക്ക് വരുന്നവർക്കും ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യമില്ല. ഇവരും കോവിഡ് വാക്‌സിൻ സർട്ടിഫിക്കറ്റ് നൽകിയാൽ മതി.
വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് അംഗീകരിക്കുന്നതിൽ ഇന്ത്യയുമായി പരസ്പര ധാരണയിലെത്തിയ രാജ്യങ്ങളിൽ നിന്നുള്ളവർക്കും ലോകാരോഗ്യ സംഘടന അംഗീകരിച്ച വാക്‌സിനുകൾ നൽകുന്ന രാജ്യങ്ങൾക്കും ഇന്ത്യക്കാർക്ക് ക്വാറന്റീൻ ഇല്ലാതെ പ്രവേശനം അനുവദിച്ച രാജ്യങ്ങളിൽ നിന്നുള്ളവർക്കുമാണ് ആനുകൂല്യം ലഭ്യമാകുക. 82 രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് വാക്സിൻ സർട്ടിഫിക്കറ്റുണ്ടെങ്കിൽ ആർ.ടി.പി.സി.ആർ ഫലം ഇനി നിർബന്ധമല്ലാത്തത്. എന്നാൽ, യു.എ.ഇയും ചൈനയും ഈ പട്ടികയിൽ ഉൾപ്പെട്ടിട്ടില്ല. ഇവിടെനിന്നുള്ളവർ 72 മണിക്കൂറിനിടയിലുള്ള ആർടിപി.സി.ആർ നെഗറ്റീവ് ഫലം അപ്ലോഡ് ചെയ്യേണ്ടിവരും.
വിദേശത്തുനിന്നെത്തുന്നവർ എയർ സുവിധ പോർട്ടലിൽ സത്യവാങ്മൂലം പൂരിപ്പിച്ച് നൽകണം. പോർട്ടലിൽ ലഭ്യമായ സത്യവാങ്മൂലമാണ് പൂരിപ്പിക്കേണ്ടത്. ഇന്ത്യയിലെത്തുന്നവർ ഒരാഴ്ച ക്വാറന്റീനിൽ കഴിയണമെന്ന വ്യവസ്ഥയും റദ്ദാക്കി. പകരം പതിനാല് ദിവസത്തെ സ്വയം നിരീക്ഷണമാണ് വേണ്ടത്.