ബ്രസീലിൽ മാത്രം കിട്ടുന്ന ചില ട്രോപിക്കൽ പഴവർഗങ്ങൾ ദുബായിലെ ഗൾഫുഡ് വേദിയിൽ അണിനിരത്തിയിരിക്കുന്നത് എല്ലാവരുടെയും ശ്രദ്ധ പിടിച്ചു പറ്റുകയാണ്. ബ്രസീലിൽ നിന്നുള്ള ഡ്രാഗൺ ഫ്രൂട്ടും ഫാഷൻ ഫ്രൂട്ടും ബ്രസീലിൽ മാത്രം സാധാരണ കണ്ടു വരുന്ന ജബുട്ടിക്കാബ എന്ന പഴവും പപ്പായയും മാങ്ങയും എല്ലാം ടിന്നുകളിൽ അടച്ച് 2 വർഷത്തോളം സംരക്ഷിക്കാൻ പറ്റുന്ന വിധത്തിലാണ് ബ്രസീലിന്റെ പവലിയനിൽ ഫുഡ് ഓഫ് ദി വേൾഡ് എന്ന സെക്ഷനിൽ ക്രമീകരിച്ചിരിക്കുന്നത്. ബെറിസോൺ എന്ന പേരിലാണ് സൂപ്പർ ഫുഡ്സ് എന്ന ഗണത്തിൽ ഉൾപ്പെടുത്തികൊണ്ട് ബ്രസീൽ തങ്ങളുടെ നാടൻ പഴ വർഗ്ഗങ്ങൾ ഗൾഫുഡ് 2022 വിൽ പ്രദർശനത്തിന് വെച്ചിരിക്കുന്നത്.
ഈ കമ്പനിക്ക് കോൺസന്ഡ്രേറ്റുകളും അസാധാരണമായ പഴവർഗ്ഗങ്ങളുമുണ്ട്. അസ്സൈ എന്ന് പറയുന്ന ഫ്രൂട്ടും ജബുട്ടിക്കാബ എന്ന് പറയുന്ന ഫ്രൂട്ടും സാധാരണ മറ്റു സ്ഥലങ്ങളിൽ കാണുന്നതല്ല. ഇത് സൂപ്പർ ഫുഡ്സ് എന്നാണ് ബ്രസീലിൽ അറിയപ്പെടുന്നത്. ഗ്ലൂട്ടൻ ഇല്ലാത്തതും ലാക്ടോസ് ഇല്ലാത്തതുമായ ആഹാരപദാർത്ഥങ്ങളുടെ ക്രമീകരണത്തിന് പേര് കേട്ട കമ്പനിയാണ് ബെറിസോൺ. എല്ലാം നോ ഷുഗർ ആഹാരപദാർത്ഥങ്ങളാണ്.