അജ്മാനിൽ അൽ ഹമീദിയ മേഖലയിൽ സ്‌കൂൾ ബസ് ഇടിച്ച് 12 വയസ്സുള്ള വിദ്യാർത്ഥിനി മരിച്ചു.ഇന്നലെ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3.45 നാണ് അപകടമുണ്ടായതെന്ന് അജ്മാൻ പോലീസ് പറയുന്നു. ഉം അമ്മാർ ( Umm Ammar ) സ്‌കൂളിലെ വിദ്യാർത്ഥിനിയാണ് മരണപ്പെട്ടത്
ഷെയ്ഖ ഹസൻ എന്ന വിദ്യാർത്ഥിനി വീടിന് സമീപം ബസിൽ നിന്ന് ഇറങ്ങി വീട്ടിലേക്ക് പോകാനായി മുന്നിലേക്ക് നീങ്ങിയപ്പോൾ വിദ്യാർഥിനി മുമ്പിലുണ്ടെന്ന കാര്യം ഡ്രൈവർ അറിയാതെ വിദ്യാർഥിനിയെ ബസ് ഇടിച്ച് മുന്നോട്ട് കൊണ്ടുപോയി എന്നാണ് വിവരം.
തലയ്ക്ക് പരിക്കേറ്റ വിദ്യാർഥിനിയുടെ അപകടവിവരം അറിഞ്ഞ് പോലീസും മെഡിക്കൽ ജീവനക്കാരും സ്ഥലത്തെത്തിയെങ്കിലും അവർ അവിടെയെത്തുമ്പോഴേക്കും പെൺകുട്ടി മരിച്ചിരുന്നു. ബസ് ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ബസിൽ സൂപ്പർവൈസർ ഇല്ലെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ പോലീസ് പുറത്ത് വിട്ടിട്ടില്ല.
വിദ്യാർത്ഥിനിയുടെ മരണത്തിൽ എല്ലാവരും ദുഃഖിതരാണെന്നും പെൺകുട്ടിയുടെ കുടുംബത്തോട് അനുശോചനം രേഖപ്പെടുത്തുന്നതായും യുഎഇ പൊതുവിദ്യാഭ്യാസ സഹമന്ത്രി ജമീല അൽ മുഹൈരി പറഞ്ഞു.