ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഷാർജ സഫാരി നാളെ ഫെബ്രുവരി 17 മുതൽ ലോകത്തിന് മുന്നിൽ വാതിലുകൾ തുറക്കുകയാണ്. നിലവിൽ ഉണ്ടായിരുന്ന പാർക്ക് വിപുലീകരിച്ചിരിച്ചാണ് ആഫ്രിക്കയ്ക്ക് പുറത്തുള്ള ലോകത്തിലെ ഏറ്റവും വലിയ പാർക്ക് ആയി ഈ സഫാരി പാർക്ക് മാറിയത്.
ഷാർജയിലെ അൽ ദൈദിന് സമീപമാണ് പാർക്ക് നിർമ്മിച്ചിരിക്കുന്നത്. 8 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലാണ് പാർക്ക്. 120 ഇനം മൃഗങ്ങളും 100,000 ആഫ്രിക്കൻ മരങ്ങളും ഇവിടെയുണ്ട്. വംശനാശ ഭീഷണി നേരിടുന്ന മൃഗങ്ങൾ ഉൾപ്പെടെ ഈ പാർക്കിലുണ്ടാവും. ജിറാഫ്, പക്ഷികൾ, ആന, കടലാമ, ആഫ്രിക്കൻ റോക്ക് പൈത്തൺ, അരയന്നം, മുതലകൾ തുടങ്ങിയ പലതരം മൃഗങ്ങളാണ് പാർക്കിലുണ്ടാവുക.
ബ്രോൺസ് ടിക്കറ്റിനായി ( Walking tour ) 12 വയസ്സിന് മുകളിലുള്ളവർക്ക് 40 ദിർഹവും, 3 മുതൽ 12 വയസ്സ് വരെ പ്രായത്തിലുള്ള കുട്ടികൾക്ക് 15 ദിർഹവുമായിരിക്കും. നടന്നാസ്വദിക്കാനാകുന്ന ടൂറിന്റെ സമയം രണ്ട് മുതൽ മൂന്ന് മണിക്കൂർ വരെയായിരിക്കും.
സിൽവർ ടിക്കറ്റുകൾക്കായി 12 വയസ്സിന് മുകളിലുള്ളവർക്ക് 120 ദിർഹവും, 3 മുതൽ 12 വയസ്സ് വരെ പ്രായത്തിലുള്ള കുട്ടികൾക്ക് 50 ദിർഹവുമായിരിക്കും. ഈ ടിക്കറ്റിലൂടെ ഒരു സാധാരണ ബസിലിരുന്ന് പാർക്ക് ആസ്വദിക്കാനാകും. അഞ്ച് മുതൽ ആറ് മണിക്കൂർ വരെയാണ് ടൂറിന്റെ സമയം.
ഗോൾഡ് ടിക്കറ്റുകൾക്കായി 12 വയസ്സിന് മുകളിലുള്ളവർക്ക് 275 ദിർഹവും, 3 മുതൽ 12 വയസ്സ് വരെ പ്രായത്തിലുള്ള കുട്ടികൾക്ക് 120 ദിർഹവുമായിരിക്കും. ഇത് ഒരു ആഡംബര വാഹനത്തിലിരുന്ന് പാർക്ക് ആസ്വദിക്കാനാകും. ഈ ടിക്കറ്റ് എടുത്താൽ പാർക്ക് ആസ്വദിക്കാനായി ഒരു സ്വകാര്യ ഗൈഡും കൂടെ ഉണ്ടാകും. അഞ്ച് മുതൽ ആറ് മണിക്കൂർ വരെയാണ് ടൂറിന്റെ സമയം.
6 പേർക്ക് യാത്ര ചെയ്യാവുന്ന ആഡംബര വാഹനത്തിന് 1,500 ദിർഹവും, 9 പേർക്ക് യാത്ര ചെയ്യാവുന്ന ആഡംബര വാഹനത്തിന് 2,250 ദിർഹവും, 15 പേർക്ക് യാത്ര ചെയ്യാവുന്ന ആഡംബര വാഹനത്തിന് 3,500 ദിർഹവും ആയിരിക്കും.
രാവിലെ 8.30 മുതൽ വൈകിട്ട് 6.30 വരെയാണ് പാർക്കിന്റെ പ്രവർത്തനസമയം
സിൽവർ, ഗോൾഡ് ടിക്കറ്റ് എടുത്തവർക്ക് പ്രവേശിക്കാനുള്ള അവസാനസമയം ഉച്ചയ്ക്ക് 2 മണി വരെ ആയിരിക്കും, അതേസമയം ബ്രോൺസ് ടിക്കറ്റ് എടുത്തവർക്ക് വൈകിട്ട് 4 മണി ആയിരിക്കും അവസാനസമയം.