എക്സ്പോ 2020 ദുബായ് അവസാനിക്കാൻ ഏതാനും ആഴ്ച്ചകൾ മാത്രം ബാക്കി നിൽക്കവേ എക്സ്പോയിൽ സൗജന്യമായി ഏത് ദിവസവും പ്രവേശിക്കാൻ സമൂഹത്തിലെ ചില അംഗങ്ങൾക്കും അർഹതയുണ്ടെന്ന് മന്ത്രാലയം ഓർമ്മപ്പെടുത്തി.
ഇതനുസരിച്ച് യുഎഇ ഹ്യൂമൻ റിസോഴ്സസ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയം പുറപ്പെടുവിച്ച ഇമെയിൽ പ്രകാരം വീട്ടുജോലിക്കാർക്കും കുട്ടികളെ നോക്കുന്ന ആയമാർക്കും എക്സ്പോ 2020 ദുബായിൽ പ്രവേശിക്കാൻ അവർക്ക് ആവശ്യമുള്ളപ്പോഴെല്ലാം സൗജന്യ ടിക്കറ്റ് ലഭിക്കുമെന്ന് അതോറിറ്റി വ്യക്തമാക്കി. സൗജന്യ എൻട്രി ടിക്കറ്റുകൾ ലഭിക്കുന്നതിന് അവർ തങ്ങളുടെ താമസ വിസയുടെ ഒരു പകർപ്പ് ടിക്കറ്റിംഗ് ബൂത്തിൽ ഹാജരാക്കിയാൽ മതിയാകും.
സൗജന്യ ടിക്കറ്റിന് അർഹതയുള്ളവർ ഉൾപ്പെടെ എല്ലാ സന്ദർശകരും എക്സ്പോ 2020 ദുബായിൽ പ്രവേശിക്കുന്നതിന് സാധുവായ ഒരു എൻട്രി ടിക്കറ്റ് നേടിയിരിക്കണം. ആറ് വയസ്സിന് താഴെയുള്ള കുട്ടികൾക്കുള്ള ടിക്കറ്റുകൾ എക്സ്പോ സൈറ്റിന്റെ പ്രവേശന കവാടത്തിൽ എത്തുമ്പോൾ മാത്രമേ സന്ദർശകർക്ക് നൽകൂ. ഈ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ കഴിയില്ല.
190-ലധികം രാജ്യങ്ങളിൽ നിന്നുള്ള പ്രാതിനിധ്യം ഉൾക്കൊള്ളുന്ന ലോകത്തിലെ ഏറ്റവും വലിയ എക്സ്പോ ഇവന്റ് മാർച്ച് 31 നായിരിക്കും അവസാനിക്കുക.