റഷ്യയുമായുള്ള യുദ്ധത്തിന്റെ ആദ്യ ദിനം 137 പേര്‍ കൊല്ലപ്പെട്ടെന്ന് യുക്രൈന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി. സാധാരണക്കാരും സൈനികരും ഉള്‍പ്പെടെ റഷ്യയുടെ ആക്രമണത്തിന് ഇരകളായി. നൂറുകണക്കിന് ആളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും വീഡിയോ സന്ദേശത്തിലൂടെ സെലെന്‍സ്‌കി അറിയിച്ചു.
“ഇന്ന് നമുക്ക് നമ്മുടെ 137 ധീരന്മാരെയും പൗരന്മാരെയും നഷ്ടപ്പെട്ടു. മരിച്ചവരിൽ സൈനികരും സാധാരണക്കാരുമുണ്ട്” സെലെൻസ്കി പറഞ്ഞു. 316 പേർക്ക് പരിക്കേറ്റതായും യുക്രൈൻ പ്രസിഡന്‍റ് വ്യക്തമാക്കി.
ആദ്യദിനം റഷ്യൻ ആക്രമണത്തിൽ 137 പേർ കൊല്ലപ്പെട്ടെന്നത് ഔദ്യോഗിക കണക്കാണെങ്കിലും ഇതിനേക്കാളേറെപ്പേർ കൊല്ലപ്പെട്ടുവെന്നാണ് അനൗദ്യോഗിക റിപ്പോർട്ടുകൾ പറയുന്നത്. അതേസമയം യുക്രൈൻ തലസ്ഥാനം ലക്ഷ്യമിട്ട് റഷ്യൻ ആക്രമണം തുടരുകയാണ്. ചെര്‍ണോബിലും റഷ്യന്‍ സേന പിടിച്ചെടുത്തെന്ന് യുക്രൈൻ വ്യക്തമാക്കിയിട്ടുണ്ട്. ചെര്‍ണോബില്‍ ആണവ നിലയം ഉള്‍പ്പെടുന്ന മേഖലയും റഷ്യന്‍ സൈന്യം പിടിച്ചെടുത്തു.
അതിനിടെ യുക്രൈനിലെ സൈനിക നടപടിയുടെ ആദ്യ ദിനം വിജയകരമെന്ന് റഷ്യന്‍ സൈന്യം അറിയിച്ചു. യുക്രൈന്‍റെ സൈനിക താവളങ്ങളും വിമാനത്താവളങ്ങളുമടക്കം 203 കേന്ദ്രങ്ങളിലാണ് റഷ്യ ആദ്യദിനം ആക്രമണം നടത്തിയത്. യുക്രൈനിലെ 11 വ്യോമതാവളങ്ങളടക്കം 70 സൈനിക കേന്ദ്രങ്ങള്‍ റഷ്യ തകര്‍ത്തു.
യുക്രൈനെ സൈനികമായി സഹായിക്കില്ലെന്ന് നാറ്റോ വ്യക്തമാക്കിയതോടെ യുക്രൈൻ പ്രതിസന്ധിയിലായിരിക്കുകയാണ്. യുക്രൈനിൽ നിലവിൽ നാറ്റൊ സൈന്യത്തെ അയക്കില്ലെന്ന് നാറ്റോ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്‌റ്റോള്‍ട്ടന്‍ബര്‍ഗാണ് വ്യക്തമാക്കിയത്.
റഷ്യന്‍ സൈന്യം യുക്രൈന്‍ തലസ്ഥാനമായ കീവ് ലക്ഷ്യമാക്കി നീങ്ങിക്കൊണ്ടിരിക്കെ രാജ്യത്തിനായി തെരുവില്‍ പോരാടാന്‍ തയ്യാറുള്ള ഏതൊരാള്‍ക്കും യുക്രൈന്‍ സര്‍ക്കാര്‍ ആയുധം നല്‍കുമെന്നും വൊളോദിമിര്‍ സെലെന്‍സ്‌കി ട്വിറ്ററിലൂടെ വ്യക്തമാക്കി.